കണ്ണൂർ: മുൻ എ.ഡി.എം. നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി അംഗമായ പി.പി.ദിവ്യക്കെതിരായി പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി സ്ഥിരീകരിച്ച് സി.പി.എം. വാർത്താക്കുറിപ്പ്. പാർട്ടിയുടെ യശ്ശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന് ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ജില്ല കമ്മിറ്റിയിൽനിന്ന് നീക്കിയതോടെ ദിവ്യ ഇരിണാവ് ബ്രാഞ്ച് അംഗമായി മാറും. പാർട്ടി നടപടിയെടുത്തവർക്കെതിരെ വർഗ്ഗബഹുജന സംഘടനകളും നടപടിയെടുക്കുന്നതാണ് സി.പി.എമ്മിലെ കീഴ്‌വഴക്കം. ഇതോടെ ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നു ദിവ്യയെ നീക്കുമെന്നുറപ്പായി.
കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് അച്ചടക്ക നടപടിയെടുത്തത്. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം നേടി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം തന്നെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. രാത്രി പത്തരയോടെ ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജില്ലാ കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്കിയത്. ഇതിന്റെ തുടർച്ചയായി വാർത്താക്കുറിപ്പും ഇറങ്ങി.
എ.ഡി.എമ്മിന്റെ മരണത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടിയാണെന്നും യോഗം വിലയിരുത്തി. എ.ഡി.എമ്മിന് റവന്യൂ സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ ദിവ്യ എത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും ന്യായീകരിക്കാൻ കഴിയില്ല. ക്ഷണിച്ചിട്ടില്ലെന്ന് യോഗാധ്യക്ഷൻ കൂടിയായ ജില്ല കളക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. യോഗത്തിന് ക്ഷണിച്ചുവെന്ന് ദിവ്യ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും യോഗം വിലയിരുത്തി.