തൃശ്ശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും കൂടുതല്‍ കള്ളപ്പണമൊഴുക്കിയത് തൃശ്ശൂര്‍ ജില്ലയില്‍ -12 കോടി രൂപ. തിരുവനന്തപുരമാണ് തൊട്ടു പിന്നില്‍ -11.5 കോടി രൂപ. കുടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന്‍ നല്കിയ മൊഴിയില്‍ കള്ളപ്പണ ഇടപാടുകളുടെ എല്ലാ വിവരങ്ങളുമുണ്ട്.
2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും ഇടയിലുള്ള ഒരുമാസ കാലയളവില്‍ കള്ളപ്പണം ഏറ്റുവാങ്ങിയവരും പേരുവിവരങ്ങള്‍ ധര്‍മ്മരാജന്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. പാലക്കാട് നല്കാനായി കൊണ്ടുവന്ന 4.5 കോടി രൂപ സേലത്തു വെച്ച് മോഷ്ടിക്കപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു. കൊടകരയിലെ മോഷണത്തിനു പുറമെയാണിത്.
ആലുവയില്‍ ഒരു നേതാവിന് മാത്രം 50 ലക്ഷം രൂപയാണ് കൊടുത്തത്. ആലപ്പുഴയില്‍ 1.10 കോടി, കണ്ണൂരില്‍ 1.40 കോടി തുടങ്ങി പണം ബി.ജെ.പി. ഓഫീസ് ജീവനക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്. കാസര്‍കോട് 1.50 കോടി മേഖലാ സെക്രട്ടറിയെ എല്പിച്ചു.
കോഴിക്കോട് വൈസ് പ്രസിഡന്റിന് 1.50 കോടി രൂപ കൈമാറിയിയെന്നും മൊഴിയിലുണ്ട്. പത്തനംതിട്ടയില്‍ 1.40 കോടിയും നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ജില്ലാ ട്രഷറര്‍ക്ക് 3.5 കോടി രൂപ കൈമാറാനായിരുന്നു നിര്‍ദ്ദേശം. ഈ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതുപോലെ തന്നെയാണ് പാലക്കാട്ടേക്ക് കൊണ്ടുവന്ന പണം സേലത്ത് വെച്ച് മോഷ്ടിക്കപ്പെട്ടത്.
മാര്‍ച്ച് 1നും മാര്‍ച്ച് 26നും ഇടയിലാണ് തമിഴ്നാടു വഴി കോടികള്‍ ബി.ജെ.പി. കേരളത്തിലേക്ക് ഒഴുക്കിയത്. 41 കോടി രൂപയാണ് പല ഘട്ടങ്ങളിലായി ജില്ലകള്‍ക്ക് കൈമാറിയത്. 2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 12 കോടിയോളം എത്തിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് സയത്ത് പാര്‍ട്ടികള്‍ സംസ്ഥാനത്തിന് പുറത്തുനിന്നും പണം സ്വീകരിക്കുന്നത് സാധാരണമാണെങ്കിലും കോടികളുടെ കള്ളപ്പണം കടത്തുന്ന സംഭവം സംസ്ഥാനത്ത് ആദ്യമാണ്.