തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹികസുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തോടനുബന്ധിച്ച് മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.
62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലായ് മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.