കൊച്ചി: തൃശൂര്‍ പൂരം നടക്കുമ്പോള്‍ ക്ഷേത്രപരിസരത്തേക്ക് ആംബുലന്‍സില്‍ യാത്ര ചെയ്തതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ‘മൂവ് ഔട്ട്’ അഥവാ ‘കടക്കു പുറത്ത്’ എന്നായിരുന്നു കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.
Follow the FOURTH PILLAR LIVE channel on WhatsApp
മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പറയാനുള്ളത് ‘സി.ബി.ഐയോടു പറയാം’ എന്നായിരുന്നു ആദ്യ മറുപടി. ആംബുലന്‍സില്‍ വന്നുവെന്ന് ബി.ജെ.പി. നേതാക്കളും പറയുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ മറുപടി ‘സൗകര്യമില്ല പറയാന്‍’ എന്നായി. മാധ്യമപ്രവര്‍ത്തകരെ മാറ്റി വഴിയൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു -‘പൊലീസെന്തിനാ നില്‍ക്കുന്നത്, ക്ലിയര്‍ മൈ വേ പ്ലീസ്’.
തൃശ്ശൂര്‍ പൂരസ്ഥലത്ത് ആംബുലന്‍സില്‍ പോയിട്ടില്ലെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയതെന്നും ആംബുലന്‍സില്‍ വന്നത് കണ്ടുവെന്നത് മായക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസം ചേലക്കരയില്‍ എന്‍.ഡി.എ. മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുരേഷ് ഗോപി സേവഭാരതിയുടെ ആംബുലന്‍സില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്നു പറഞ്ഞത്.