പുണെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 359 റണ്‍സ്. രണ്ടാമിന്നിങ്സില്‍ സന്ദര്‍ശകര്‍ 255 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റിന് 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ അവര്‍ക്ക് 57 റണ്‍സെടുക്കുന്നതിനിടയില്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായി.
നാല് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മികച്ചുനിന്നത്. ആദ്യ ഇന്നിങ്സിലെ ഏഴ് വിക്കറ്റുകള്‍ കൂടി ചേര്‍ത്ത് സുന്ദര്‍ മത്സരത്തിലാകെ 11 വിക്കറ്റുകള്‍ സ്വന്തമാക്കി.
41 റണ്‍സെടുത്ത ടോം ബ്ലന്‍ഡലിന്റെ വിക്കറ്റാണ് മൂന്നാം ദിനം കിവീസിന് ആദ്യം നഷ്ടമായത്. ആറാം വിക്കറ്റില്‍ ബ്ലന്‍ഡലും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബ്ലന്‍ഡലിന്റെ വിക്കറ്റെടുത്ത് രവീന്ദ്ര ജഡേജയാണ് ഇത് പൊളിച്ചത്.
പിന്നാലെ 24 റണ്‍സെടുക്കുന്നതിനിടയില്‍ കിവീസിന് നാല് വിക്കറ്റ് നഷ്ടമായി. മിച്ചല്‍ സാന്റ്നര്‍ (4), ടിം സൗത്തി (0), അജാസ് പട്ടേല്‍ (1), വില്‍ ഒ റൗര്‍ക്കെ (0) എന്നിവരാണ് പുറത്തായത്. 82 പന്തില്‍ 48 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സ് പുറത്താകാതെ നിന്നു.
കിവീസ് 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഒന്നാമിന്നിങ്സില്‍ 259 റണ്‍സാണ് കിവീസ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 156 റണ്‍സിന് പുറത്തായി.