കനകക്കുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണക്കച്ചവടം
സാധാരണക്കാരന് കനകക്കുന്നില്‍ കയറാന്‍ പോലും ഫീസ്
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് ഓണക്കാലത്ത് കൊയ്യുന്നത് കോടികള്‍. സാധാരണക്കാരുടെ ആഘോഷ ഇടമായ കനകക്കുന്ന് കൊട്ടാരം വളപ്പ് അടച്ചു കെട്ടി പ്രവേശന ഫീസ് ഏര്‍പ്പെടുത്തി ആഘോഷ പരിപാടി നടത്തിയാണ് കോടികള്‍ കൊയ്യുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന ക്യാമ്പെയ്‌നും നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. പരമ്പരാഗത കലാകാരന്മാരും അനുഷ്ഠാന കലാകാരന്മാരും സാധാരണ കലാകാരന്മാരുമായ നിരവധി പേര്‍ക്ക് ഓണം വാരാഘോഷ വേളയില്‍ ലഭിക്കുന്ന വരുമാനം ആശ്വാസമാണ്. ഇതിനു പുറമെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കലാകാരന്മാര്‍ക്കും സാധാരണ കച്ചവടക്കാര്‍ക്കും ഓണം വാരാഘോഷം വലിയ ആശ്വാസമാണ് പകര്‍ന്നിരുന്നത്. ഈ വിഭാഗത്തിനായി പല കോണുകളില്‍ നിന്നും ഓണം വാരാഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ടൂറിസം വകുപ്പ് ഈ ആവശ്യം പരിഗണിച്ചപ്പോള്‍ വയനാട് ദുരന്തത്തിന് പിന്നാലെ ആഘോഷങ്ങളുമായി സര്‍ക്കാര്‍ എന്ന നിലയില്‍ വാര്‍ത്താ ആക്രമണവും നടന്നു. ഇതോടെ സര്‍ക്കാര്‍ പിന്മാറി.
ഈ അവസരം മുതലെടുത്താണ് ഏഷ്യാനെറ്റ് ന്യൂസ് വന്‍ ലാഭമുണ്ടാക്കുന്ന ആഘോഷ പരിപാടിയുമായി രംഗത്തിറങ്ങിയത്. പരസ്യ രംഗത്തെ പ്രമുഖരായ മൈത്രി അഡ്വര്‍ടൈസിങുമായി ചേര്‍ന്ന് ഏഷ്യാനെറ്റിന്റെ വാണിജ്യ വിഭാഗമാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. കനകക്കുന്ന് കൊട്ടാര വളപ്പ് പത്ത് ദിവസത്തേയ്ക്ക് പൂര്‍ണമായും ഏറ്റെടുത്ത് അടച്ചുകെട്ടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ബാന്‍ഡുകള്‍, സംഗീതപരിപാടികള്‍, കോമഡി പരിപാടികള്‍ തുടങ്ങി പരിപാടിക്കെത്തുന്നവര്‍ക്ക് നൃത്തം ചെയ്യുന്നതിനുള്ള സംവിധാനം വരെ ഒരുക്കി നല്‍കി. കച്ചവട സ്ഥാപനങ്ങളും പണം നല്‍കി കളിക്കാന്‍ കഴിയുന്ന ഗെയിം സോണുകളും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവല്‍ എന്ന പേരില്‍ സംഘടിപ്പിച്ച ഭക്ഷണശാലകളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുള്ള വിഹിതവും ഗെയിം സോണുകളിലെ വരുമാനത്തിലെ വിഹിതവും ഏഷ്യാനെറ്റ് ന്യൂസിനു ലഭിക്കുന്ന തരത്തിലാണ് കരാര്‍.
ഇതിനു പുറമെ കനകക്കുന്ന് കൊട്ടാര വളപ്പിലേക്ക് പ്രവേശിക്കണമെങ്കില്‍ 50 രൂപയുടെ പ്രവേശന ടിക്കറ്റും എടുക്കണം. പരിപാടികള്‍ നടക്കുന്നത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ്. ഇവിടെ പ്രവേശിക്കുന്നതിനാണ് എന്‍ട്രി ഫീസ് എന്നാണ് പറയുന്നതെങ്കിലും കനകക്കുന്നിലെ പ്രധാന കവാടങ്ങള്‍ കടക്കണമെങ്കില്‍ ടിക്കറ്റ് കാണിച്ച് ബോദ്ധ്യപ്പെടുത്തണം. ടിക്കറ്റില്ലാതെ ആരെയും വളപ്പിലേയ്ക്ക് പ്രവേശിപ്പിക്കില്ല. സാധാരണക്കാരുടെ ആഘോഷ വേളകളിലെ സ്ഥിരം വേദിയാണ് കനകക്കുന്ന് കൊട്ടാരം വളപ്പ്. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഓണം വാരാഘോഷ വേളകളില്‍ വളപ്പിലേക്കുള്ള പ്രവേശനം സൗജന്യമാണ്. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ മാത്രമാണ് പണം നല്‍കേണ്ടത്. അതുകൊണ്ടു തന്നെ ലക്ഷകണക്കിന് ആളുകളാണ് വാരാഘോഷത്തിന് കനകക്കുന്നിലേക്ക് എത്തുന്നത്.
എന്‍ട്രി ഫീസ് വിവരം അറിയാതെ എത്തുന്ന സാധാരണക്കാര്‍ കവാടം കടക്കാനാകാതെ നിരാശയോടെയാണ് മടങ്ങുന്നത്. തലസ്ഥാനത്തെ സാധാരണക്കാരുടെ സൗജന്യ ഓണാഘോഷ ഇടമായ കനകക്കുന്ന് അടച്ചുകെട്ടി പത്ത് ദിവസം കൊണ്ട് കോടികള്‍ കൊയ്യുന്നതിന് ടൂറിസം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്.