തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകി ഡബ്ല്യൂ.സി.സി. സംഘടനയുടെ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് പിന്തുണ അറിയിച്ചത്. സിനിമാ നയം നടപ്പാക്കുമ്പോള്‍ പരിഗണിക്കണ്ട വിഷയങ്ങളും ഡബ്ല്യൂ.സി.സി. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത മാനിച്ചു കൊണ്ടുള്ള അന്വേഷണമാണ് ഡബ്ല്യൂ.സി.സി. ആവശ്യപ്പെട്ടത്. സ്വകാര്യത മാനിച്ച് ആരോപണങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് പുറത്തു വിടണമെന്നും ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു. രേവതി, ദീദി ദാമോദരൻ, റീമാ കല്ലിംഗൽ, ബീനാപോൾ എന്നിവരാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ചർച്ച നടത്തിയത്.
സംവിധായിക അഞ്ജലി മേനോൻ, നടി പത്മപ്രിയ, സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് എന്നിവരടങ്ങിയ സമിതിയെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ ഡബ്ല്യൂ.സി.സി. നിയോഗിച്ചിരുന്നു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകളാണ് ഡബ്ല്യൂ.സി.സി. സർക്കാരിനു നൽകുക. സിനിമാ നയത്തിൽ ഉൾപ്പെടുത്തേണ്ട സ്ത്രീകളുടെ വിഷയങ്ങളും ഡബ്ല്യു.സി.സി. വിശദമായി സർക്കാരിനു നൽകും.
സ്ത്രീ സുരക്ഷയ്ക്കു പ്രാധാന്യം നൽകി തൊഴിൽ മേഖലയിൽ എല്ലാവിധ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി ഡബ്ല്യൂ.സി.സി. നേതാക്കൾക്ക് ഉറപ്പു നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നടപടിയുണ്ടാകുമെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കൂടിക്കാഴ്ച ആശാവഹമാണെന്നാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം.