Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് രൂപം നല്കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാലാണ് കമ്മീഷന്‍ ചെയര്‍മാന്‍. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അംഗങ്ങളാണ്. രണ്ട് വര്‍ഷത്തെ കാലാവധിയാണ് കമ്മീഷനുള്ളത്.
പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്ത് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിന് സാമ്പത്തിക നയരൂപീകരണം നിര്‍ദ്ദേശിക്കും. ദുരന്തനിവാരണത്തിന് ഫലപ്രദമായ സംഭാവന നല്‍കാന്‍ പ്രദേശിക സര്‍ക്കാരുകളെ പ്രാപ്തരാക്കും.
കമ്മീഷന്‍ പ്രവര്‍ത്തനത്തിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. അഡീഷണല്‍ സെക്രട്ടറി (കമ്മീഷന്‍ സെക്രട്ടറി) -1, ജോയിന്റ് സെക്രട്ടറി -1, അണ്ടര്‍ സെക്രട്ടറി -1, അക്കൗണ്ട്‌സ് / സെക്ഷന്‍ ഓഫീസര്‍ -3, അസിസ്റ്റന്റ് -9, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് -3, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് -3, ഓഫീസ് അറ്റന്‍ഡന്റ് -3, പാര്‍ട്ട് ടൈം സ്വീപ്പര്‍ -1, ഡ്രൈവര്‍ -1 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുക. ധനകാര്യവകുപ്പില്‍ നിന്നുള്ള ജീവനക്കാരെയാണ് കമ്മീഷന്റെ ഓഫീസിലേക്ക് അനുവദിക്കുക.