Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് പരിശോധന നടത്തിയത്. രക്ത ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡി.എന്‍.എ. സാംപിളുമായി ഇവയെ യോജിപ്പിച്ചു. കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു പരിശോധന നടത്തിയത്.
ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചിട്ടുള്ളത്. ഡി.എന്‍.എ. പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്ക് അപേക്ഷ നല്കാം. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ശരീരഭാഗങ്ങള്‍ കുഴിമാടങ്ങളില്‍നിന്നു പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കളക്ടര്‍ അധികാരം നല്‍കി.
ശരീരത്തില്‍നിന്നു കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ സബ് കലക്ടര്‍ക്കു പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്തു തുടരണമെന്നു തീരുമാനിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ചു തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കും. ഡി.എന്‍.എ. ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിനാല്‍ അവരുടെ വിലാസവും മറ്റു വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.