തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
ഈ ആഴ്ചയും സെപ്റ്റംബര്‍ ആദ്യവാരവുമായി ആദ്യ ഗഡുവായ 1,600 രൂപ നല്‍കും. തുടര്‍ന്ന് ഓണത്തിന് മുമ്പ് രണ്ടു മാസത്തെ കുടിശികയായ 3,200 രൂപ ഒരുമിച്ചു നല്‍കാനുമാണ് തീരുമാനം. ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും കൃത്യമായി ക്ഷേമപെന്‍ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൃത്യമായി വിതരണം ചെയ്തിരുന്ന ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയത്. ഇനി സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക മാറ്റി വയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യാന്‍ സി.പി.എം. സംസ്ഥാന നേതൃത്വം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗവും ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
60 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ് മന്ത്രിയുടെ പ്രഖ്യാപനം.