Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂര്‍: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടനും എം.എല്‍.എയുമായ മുകേഷിനെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോടതി വല്ലതും പറഞ്ഞോ, നിങ്ങളാണോ കോടതി എന്നായിരുന്നു മറുചോദ്യം. ഉയര്‍ന്നുവന്നതൊക്കെ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങള്‍ -സുരേഷ് ഗോപി പറഞ്ഞു
ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോദിക്കണം. വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കൂ. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സര്‍ക്കാര്‍ കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര്‍ എടുത്തോളും- സുരേഷ് ഗോപി പറഞ്ഞു.
പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്ക്കുന്നത്. നിങ്ങള്‍ ജനങ്ങളോട് എന്താ പറയുന്നത്? കോടതി തീരുമാനിക്കും. നിങ്ങള്‍ കോടതിയാണോ? അല്ലല്ലോ -സുരേഷ് ഗോപി പറഞ്ഞുനിര്‍ത്തി.