29 C
Trivandrum
Friday, July 11, 2025

സിനിമാ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ ഐ.ജി. ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്.വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സംഘത്തില്‍ മുതിര്‍ന്ന നാലു വനിതാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും അന്വേഷണത്തില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ഡി.ഐ.ജി. എസ്.അജിത ബീഗം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി. മെറിന്‍ ജോസഫ്, തീരദേശ പൊലീസ് എ.ഐ.ജി. ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്രെ എന്നിവരാണ് സംഘത്തിലെ വനിതാ ഓഫീസര്‍മാര്‍. ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി. വി.അജിത്ത്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകള്‍ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിട്ടുള്ളത് അന്വേഷിക്കാനാണ് തീരുമാനം. അതേസമയം ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരി?ഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.

സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.

യുവനടി രേവതി സമ്പത്ത് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ദിഖും രാജിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്കാമെന്നു പറഞ്ഞ് തിരുവനന്തപുരം മാസ്‌കട്ട് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും രേവതി സമ്പത്ത് പറഞ്ഞിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks