തിരുവനന്തപുരം: സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകാണ് ഇക്കാര്യം അറിയിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പി. എഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറിലാണ് ഇതുസംബന്ധിച്ച തിരുത്തല്‍ വന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നായിരുന്നു മുന്നറിയിപ്പ്.
ഇതോടെ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ അറിയിച്ചു. ശമ്പളം പിടിക്കുന്നത് അഞ്ചു ദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തില്‍ കുറവ് ശമ്പളം സംഭാവന ചെയ്യാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.