കണ്ണൂര്‍: നിപ ബാധയുണ്ടെന്നു സംശയിച്ച് മട്ടന്നൂര്‍ മാലൂര്‍ സ്വദേശികളായ രണ്ടു പേരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.
ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോ.സുദീപ് വ്യക്തമാക്കി.
രോഗികള്‍ അച്ഛനും മകനുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടു. ഇതിനെ തുടര്‍ന്ന് പരിയാരത്തേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
നിരീക്ഷണത്തില്‍ കഴിയുന്ന അച്ഛന്‍ പഴ കച്ചവടം നടത്തുന്നയാളാണെന്നു വിവരമുണ്ട്. ഇതും ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായി. മെഡിക്കല്‍ കോളജിലും ഇവരുടെ വീടിന്റെ പരിസരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരിസര പ്രദേശങ്ങളില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്‌സോ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസ് ആണ് നിപ. ഇവയില്‍തന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതില്‍ ബംഗ്ലാദേശ് ബി. വൈറസുകളാണ് കേരളത്തില്‍ മുമ്പ് കണ്ടെത്തിയിട്ടുള്ളത്.
ഈ വൈറസുകള്‍ പഴംതീനികളായ പെടെറോപ്പസ് വവ്വാലുകളില്‍, അവയില്‍ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളില്‍നിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.
രോഗമുണ്ടായവരില്‍ 70 മുതല്‍ 100 ശതമാനംവരെ മരണസാധ്യതയുള്ളതിനാല്‍ കരുതിയിരിക്കേണ്ട രോഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോ കണ്ടെത്തിയിട്ടില്ല.