മുട്ടില്‍: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ നേരില്‍ കേട്ട് ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ജില്ലാ ഭരണകൂടവും. താല്‍ക്കാലിക-സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയാനാണ് ഡബ്ലുയു.എം.ഒ. കോളേജില്‍ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികളടേയും വിപുലമായ യോഗം ചേര്‍ന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
കുറ്റമറ്റ രീതിയില്‍ പരാതികള്‍ക്കിടയില്ലാത്ത വിധം ദുരന്തബാധിതര്‍ക്ക് ഗുണം ചെയ്യുന്ന, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. പുനരധിവാസം മാറ്റിപ്പാര്‍പ്പിക്കല്‍ മാത്രമായിട്ടല്ല സര്‍ക്കാര്‍ കാണുന്നത്. സുരക്ഷിതമായ താമസം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതോപാധി, മാനസിക പ്രയാസങ്ങളില്ലാത്ത സാമൂഹിക ചുറ്റുപാട്, വിനോദോപാധികള്‍, പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സര്‍വ്വതല സ്പര്‍ശിയായ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. താല്‍ക്കാലികമായി പുനരധിവസിപ്പിച്ചരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. രക്ഷാപ്രവര്‍ത്തനം മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. തുടര്‍ന്നും ഇതുപോലെ മുന്നോട്ട് പോവണം. പുരധിവാസം സര്‍വതല സ്പര്‍ശിയായ രീതിയിലാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്കുവെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് അന്തിമ രൂപം നല്‍കുക.
ജനപ്രതിനിധികളും ദുരന്തത്തിനിരയായവരും ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഇതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറക്കുകയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിച്ചവര്‍ക്ക് വാടകയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. ദുരന്തബാധിത വാര്‍ഡുകളില്‍ 50 തൊഴിലുറപ്പ് ദിനങ്ങള്‍ കൂടി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സുതാര്യമായാണ് പുനരധിവാസം സാധ്യമാക്കുക. എല്ലാ വിവരങ്ങളും ലഭ്യമാക്കും. ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഡി.എന്‍.എ. ഫലം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് പുറത്തുവിടുന്നത്. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും. ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും പുനരധിവാസ പാക്കേജ് തയ്യാറക്കുകയെന്നും ഡോ.വേണു പറഞ്ഞു.
ആസൂത്രണ -സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ -ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്‌പെഷല്‍ ഓഫീസര്‍ സീറാം സാംബ ശിവ റാവു, ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ.ഗീത, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, എ.ഡി.എം. കെ.ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി കെ.ജെ.ദേവസ്യ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി ഹാരിസ് ബാഖവി, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.