29 C
Trivandrum
Tuesday, March 25, 2025

ദത്തുകുട്ടികളുടെ എണ്ണത്തില്‍ സെഞ്ച്വറി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷമ സമിതിയുടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കല്‍ കേന്രങ്ങളില്‍ പോറ്റമ്മമാരുടെ സ്‌നേഹവാത്സല്യ തണലില്‍ വളര്‍ന്ന നൂറ് കുരുന്നുകളെ ദത്ത് നല്‍കി ശിശുക്ഷേമ സമിതി സര്‍വ്വക്കാല റെക്കോര്‍ഡിലേക്ക്. വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന് എഴ് കുട്ടികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ മതാപിതാക്കളൊടൊപ്പം കൈപിടിച്ച് പടിയിറങ്ങിയപ്പൊഴാണ് ദത്ത് പോയവരുടെ എണ്ണം സെഞ്ചുറി തികഞ്ഞത്.

ദത്തു പോയവരില്‍ 17കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് കടല്‍ കടന്ന് പോയി. അമേരിക്കയിലേക്ക് അഞ്ച്, ഇറ്റലിയിലേക്കും ഡെന്മാര്‍ക്കിലേക്കും നാലു വീതം, യു.എ.ഇയിലേക്ക് മൂന്ന്, സ്വീഡനിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കുട്ടികള്‍ യാത്രയായത്. ഇതും സര്‍വ്വകാല റെക്കോര്‍ഡാണ്.

കേരളത്തില്‍ 49 പേരും മറ്റ് സംസ്ഥാനങ്ങളിലേക്ക് 34 പേരും ദത്ത് പോയി. സ്വദേശത്തേക്ക് ഏറ്റവും അധികം കുട്ടികളെ മതാപിതാക്കള്‍ തങ്ങളുടെ ജീവതത്തോടൊപ്പം മക്കളായി സ്വീകരിച്ചത് തമിഴ് നാട്ടില്‍ നിന്നാണ് -19 പേര്‍. കര്‍ണ്ണാടകത്തിലേക്ക് ഏഴും ആന്ധ്രപ്രദേശിലേക്കു മൂന്നും തെലങ്കനയിലേക്ക് രണ്ടും മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് ഓരോന്നു വീതവും കുട്ടികള്‍ ദത്തുപോയി.

ആകെ ദത്ത് നല്‍കിയ കുട്ടികളില്‍ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്നുമാണ് എറ്റുവും കൂടുതല്‍ പോയത്. ഇതും ചരിത്രത്തില്‍ ആദ്യമായാണ്. ഉപേക്ഷിക്കുന്ന ബാല്യങ്ങളെ സ്വീകരിച്ച് പരിരക്ഷിക്കുവാന്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരിരക്ഷയ്ക്കായി എത്തുന്നതും തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്.

പ്രത്യേക ശേഷി വിഭാഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാന്‍ വിദേശ ദമ്പതികളൊടൊപ്പം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവരും താല്‍പര്യം കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എട്ട് കുട്ടികളെയാണ് ദമ്പതികള്‍ ഈ വര്‍ഷം സ്വീകരിച്ചത്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയതോടെയാണ് വിദേശത്തു നിന്നും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.

ഇന്ത്യയ്ക്ക അകത്തു നിന്നും പുറത്തു നിന്നും കേന്ദ്ര അഡോപ്ഷന്‍ ഏജന്‍സിയായ കാര വഴിയാണ് ഓണ്‍ലൈനായി ദത്തെടുക്കല്‍ അപേക്ഷ നല്‍കുന്നത്. ഇതില്‍ മുന്‍ഗണനാക്രമ പ്രകാരം കാര നിര്‍ദ്ദേശ പ്രകാരം നിയമപരമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ദത്ത് നല്‍കുന്നത്.

അമ്മത്തൊട്ടില്‍ വഴിയും മറ്റ് പലതരത്തിലും ലഭിക്കുന്ന കുരുന്നുകളെ വിവിധ പരിചരണ കേന്ദ്രങ്ങളില്‍ മതിയായ പരിചരണവും സുരക്ഷയും നല്‍കി ദത്ത് നല്‍കല്‍ പ്രക്രിയ വളരെ സുതാര്യമാക്കി ധൃതഗതിയില്‍ പൂര്‍ത്തീകരിച്ചതുകൊണ്ടാണ് ഇത്രയധികം കുട്ടികളെ കുട്ടികളില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ കൈമാറാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍.അരുണ്‍ ഗോപി പറഞ്ഞു.

ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസറഗോഡ് ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍, എറണാകുളം, പാലക്കാട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങള്‍, കോഴിക്കോട് പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രം, തിരുവനന്തപുരത്ത് പുതുതായി പണി കഴിപ്പിച്ച വീട് – ബാലികാ മന്ദിരം എന്നിവിടങ്ങളിലായി 217 കുട്ടികളാണ് നിലവില്‍ പരിചരണയിലുള്ളത്. ഇവരില്‍ ഏതാനും പേര്‍ കൂടി നടപടിക്രമങ്ങള്‍ അവസാനിച്ച് ഉടനെ ദത്ത് പോകും. ബാക്കിയുള്ളവരുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിര്‍വഹിക്കുന്നത് സമിതിയാണ്. ശിശുദിന സ്റ്റാമ്പില്‍ നിന്നുള്ള വിറ്റുവരവും സുമനസ്സുുകളുടെ സംഭാവനയുമാണ് സമിതിയുടെ വരുമാനം.

Recent Articles

Related Articles

Special

Enable Notifications OK No thanks