ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി കണ്ടെടുത്തു
വിദഗ്ധസംഘം ചൊവ്വാഴ്ച ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും
മേപ്പാടി/മലപ്പുറം: ഉരുള്‍ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ തിങ്കളാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി കണ്ടെടുത്തു. നിലമ്പൂര്‍ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തന്‍പാറയ്ക്ക് സമീപത്തെ ആനടിക്കാപ്പില്‍ നിന്ന് രണ്ടു ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഞായറാഴ്ച വൈകിട്ട് നിലമ്പൂരില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ തിരച്ചിലിന് നേതൃത്വം നല്‍കി. 236 സന്നദ്ധ സേവകരാണ് തിങ്കളാഴ്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ തിരച്ചിലിനായി ചൂരല്‍മല കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമായും മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലായിരുന്നു സന്നദ്ധ പ്രവര്‍ത്തകരെ തിരച്ചിലിനായി നിയോഗിച്ചത്.
ചൂരല്‍മല പാലത്തിനു താഴെ ഭാഗത്ത് വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. അത്യധികം ദുഷ്‌ക്കരമായ മേഖലയില്‍ വനപാലകരും വിവിധ സേനവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
മലപ്പുറം ജില്ലയിലെ ചാലിയാറില്‍ വിശദമായ തിരച്ചില്‍ ചൊവ്വാഴ്ചയും തുടരും. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക. എന്‍.ഡി.ആര്‍.എഫ്., അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനംവകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള തിരരച്ചിലിലിന് സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.