വി.മുരളീധരന്‍ പറഞ്ഞത് അസംബന്ധം
കൊല്ലം: രാജ്യത്തുണ്ടാകുന്ന വന്‍ പ്രകൃതിദുരന്തങ്ങളും പ്രളയം പോലുള്ള പ്രതിഭാസങ്ങളും അതജീവിക്കാന്‍ ദേശീയ ദുരന്തം എന്നൊരു തലക്കെട്ടില്ലെന്ന മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍ പറഞ്ഞത് വസ്തുതകള്‍ മറച്ചുവെച്ച്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് കേരളത്തിലടക്കം പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോള്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ദേശീയ ദുരന്തമായി കണ്ടു കേന്ദ്ര സഹായം പ്രഖ്യാപിച്ചട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ പുനരധിവാസ പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു.
2005ല്‍ ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് 2005 പ്രകാരം പ്രകൃതിദുരന്തമോ മനുഷ്യ നിര്‍മിത ദുരന്തങ്ങളോ സംഭവിച്ചാല്‍ ഉചിതമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കും രൂപം നല്‍കിയിരുന്നു. ദുരന്തങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും ഈ കമ്മിറ്റി വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ഈ നിയമം നിഷ്‌കര്‍ക്കുന്നുണ്ട്.
വയനാട്ടിലേതു പോലുള്ള മഹാദുരന്തങ്ങളുണ്ടായാല്‍ ഈ സമിതി അടിയന്തരയോഗം കൂടി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. പ്രധാനമന്ത്രി ചെയര്‍മാനായ കേന്ദ്ര സമിതിയില്‍ പരമാവധി ഒന്‍പതു പേരാണുണ്ടാവുക. സമാനമായ തരത്തില്‍ സംസ്ഥാനതലത്തിലും ദുരന്ത നിവാരണ സമിതി രൂപപ്പെടുത്തണമെന്ന് നിയമം പറയുന്നു. മുഖ്യമന്ത്രിയാണ് സംസ്ഥാന സമിതിയുടെ അധ്യക്ഷന്‍. മുഖ്യമന്ത്രി നിയോഗിക്കുന്ന എട്ടു പേരടങ്ങുന്നതാണ് ഈ സമിതി. അടിസ്ഥാന പ്രശ്നങ്ങള്‍ വിലയിരുത്താനും ആവശ്യമായ സാഹചര്യങ്ങള്‍ കണ്ടെത്താനും ജില്ലാ കളക്റ്റര്‍മാര്‍ അധ്യക്ഷന്മാരായ ജില്ലാ തല കമ്മിറ്റിക്കും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ മൂന്നു സമിതികളും യഥാവിധി യോഗം കൂടി പുനരധിവാസ പദ്ധതികള്‍ക്കു രൂപം നല്‍കണം. അടിയന്തരം, ഹൃസ്വകാലം, ദീര്‍ഘകാലം എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. ഇതിന്റെയെല്ലാം മേല്‍നോട്ടത്തിനുള്ള ഉന്നതാധികാര സമിതിയാണ് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലായിട്ടു പോലും വയനാട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി ഇതു വരെ യോഗം കൂടിയില്ല. ദുരന്തത്തിനിരയായി മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം അനുവദിച്ചതല്ലാതെ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ വയനാട്ടിലേക്ക് ഒന്നും ചെയ്തില്ല.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും 100 വീടുകള്‍ വീതം വാഗ്ദാനം ചെയ്തപ്പോള്‍, നിരാലംബരായ വയനാട്ടിലെ പാവപ്പെട്ടവര്‍ക്ക് ഒരു കമ്പിളിപ്പുതപ്പു പോലും പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നു കിട്ടിയില്ല എന്നാണ് ആക്ഷേപം. ദുരന്തം നടന്ന് ഇത്ര ദിവസമായിട്ടും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍.ഡി.എം.എ.) ഇതുവരെ ഒരു സമ്പൂര്‍ണ യോഗം കൂടിയില്ല.
ദുരന്ത നിവാരണ പുനരുദ്ധാരണ പദ്ധതികള്‍ക്കു രൂപം നല്‍കേണ്ടത് എന്‍.ഡി.എം.എയുടെ ബാധ്യതയാണെന്ന് ദുരന്ത നിവാരണ നിയമം 2005 അനുശാസിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിനുള്ള നയരൂപീകരണം, തീവ്രത കുറയ്ക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍, ദുരന്തമുഖത്തു നിന്ന് ജീവനും സ്വത്തുവകകളും സംരക്ഷിക്കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളും എന്‍.ഡി.എം.എയ്ക്കാണ്. ഈ സമിതിയുടെ നിര്‍ദേശങ്ങളുടെയുൂം വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രസഹായം പ്രഖ്യാപിക്കേണ്ടത്. ഇങ്ങനെയൊരു സമിതി സജീവല്ലാത്തതും വയനാട് ദുരന്തം അവര്‍ ചര്‍ച്ച ചെയ്യാത്തതുമാണ് കേന്ദ്ര സഹായം വൈകാന്‍ കാരണം.
ദുരന്തം സംഭവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അതിന്റെ തീവ്രത കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയാത്തതിനു കാരണവും ഇതു തന്നെ. ഇതെല്ലാം മറന്നോ മറച്ചു വച്ചോ ആണ് 2013 ഓഗസ്റ്റ് ആറിന് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ നല്‍കിയ ഒരു മറുപടിയുടെ പേരില്‍ വി.മുരളീധരന്‍ വയനാട്ടിലെ ജനങ്ങളോട് അനീതി ചെയ്യുന്നത്. വയനാട് ഉരുള്‍പൊട്ടലിനെ ‘ദേശീയ ദുരന്തമായി കാണാനാവില്ലെന്നും ദേശീയ ദുരന്തം എന്നൊന്ന് യു.പി.എ. ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്നുമുള്ള മുരളീധരന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.