ന്യൂയോർക്ക്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ.) രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന്റെ ഭാവിയും യു.എസ്. സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വന്‍നിക്ഷേപങ്ങള്‍ക്കും കനത്ത വെല്ലുവിളി. ഒരൂ ചൈനീസ് സ്റ്റാർട്ടപ്പാണ് ഇതിനു പിന്നിൽ -ഡീപ്സീക്ക്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്സീക്.
Follow the FOURTH PILLAR LIVE channel on WhatsApp
ചൈനീസ് നിര്‍മിത ബുദ്ധി ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പിന്നാലെ യു.എസിലെ പ്രധാന എ.ഐ. സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. എ.ഐ. ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുള്‍പ്പെടെയുള്ള യു.എസ്. ടെക് ഭീമന്‍മാരുടെ ഓഹരികളാണ് ഇടിഞ്ഞത്. നിര്‍മിത ബുദ്ധിയെ ശക്തിപ്പെടുത്തുന്ന നൂതന ചിപ്പ് സാങ്കേതികവിദ്യ ചൈനയ്ക്ക് വില്‍ക്കുന്നതില്‍നിന്ന് കമ്പനികള്‍ക്ക് യു.എസ്. നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് ഡീപ്സീക്കിന്റെ ആവിര്‍ഭാവം.
പുറത്തിറക്കിയിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ള ഡീപ്സീക് ആപ്പ്, ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി. ഉള്‍പ്പെടെയുള്ള എതിരാളികളെ പിന്തള്ളി യു.എസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്ലിക്കേഷനായി മാറി. ഓപ്പണ്‍ എ.ഐ. അടക്കമുള്ള എതിരാളികള്‍ മുടക്കിയതിനേക്കാള്‍ കുറഞ്ഞ നിക്ഷേപത്തിലാണ് ഡീപ്സീക്കിന്റെ ഈ വളര്‍ച്ചയെന്നതും അതിശയിപ്പിക്കുന്നതാണ്. ഡീപ്സീക്-വി3 മോഡല്‍ വികസിപ്പിക്കാൻ ഏകദേശം 60 ലക്ഷം ഡോളർ മാത്രമാണ് ചെലവായതെന്നാണ് റിപ്പോർട്ട്.
ഓപണ്‍ എ.ഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്സീക്കിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. എതിരാളികൾ ഉണ്ടാകുന്നത് ഉത്സാഹജനകമാണ് എന്നായിരുന്നു ഓപണ്‍ എ.ഐ. സി.ഇ.ഒ. സാം ആള്‍ട്ട്മാൻ്റെ പ്രതികരണം. കുറഞ്ഞ ചെലവില്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഡീപ്‌സീക്കിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആര്‍1 മികച്ചതാണെന്ന് അദ്ദേഹം വിലയിരുത്തി. തങ്ങള്‍ ഉടന്‍ പുതിയ ചില മോഡലുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.