ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐ.എസ്.ആർ.ഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. സൗരപര്യവേഷണത്തിനായാണ് രണ്ട് പേടകങ്ങളെ ഒരേസമയം ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിനു മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്റ്റേഷനിൽ വ്യാഴാഴ്ച വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിവച്ചിരുന്നു. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറിൽ പ്രശ്‌നം കണ്ടെത്തിയത്.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എൻ.എസ്.ഐ.എൽ.) യൂറോപ്യൻ സ്‌പേസ് ഏജൻസിയും (ഇ.എസ്.എ.) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.