ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ സൈബർ തട്ടിപ്പിലൂടെ കവർന്ന തുകയുടെ മൂല്യം 11,000 കോടി കവിഞ്ഞു. 2024 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 കോടി രൂപയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (ഐ4സി) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
തട്ടിപ്പുകളിൽ വലിയൊരു ഭാഗം ഓഹരി വിപണിയിലാണ്. ഈ മേഖലയിലെ കണക്കുപ്രകാരം 2,28,094 കേസുകളിൽ 4,636 കോടിയാണ് നഷ്ടമായിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പാണ് ഈ ഗണത്തിൽ രണ്ടാം സ്ഥാനത്ത്. 3,216 കോടി നഷ്ടമായ 1,00,360 കേസുകളാണ് നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സൈബർ തട്ടിപ്പുകളുടെ ഏറ്റവും പുതിയ രീതിയായ ഡിജിറ്റൽ അറസ്റ്റാണ് ഏറ്റവും പണം കവർന്ന മൂന്നാമത്തെ തട്ടിപ്പുരീതി. 63,481 തട്ടിപ്പുകളിൽ നിന്ന് 1,616 കോടിയാണ് ഡിജിറ്റൽ അറസ്റ്റ് വഴി കവർന്നിരിക്കുന്നത്.
സർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2024ൽ മാത്രം 12 ലക്ഷം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 45 ശതമാനത്തോളവും തട്ടിപ്പുകളുടെ ഉറവിടം തെക്ക് കിഴക്കൻ രാജ്യങ്ങളായ ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളാണ്. 2021 മുതൽ 30 ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികൾ പ്രകാരം നഷ്ടമായിരിക്കുന്നത് 27,914 കോടി രൂപയാണ്. ഇവയിൽ 11,31,221 പരാതികൾ 2023ലും 5,14,741 പരാതികൾ 2022ലും 1,35,242 പരാതികൾ 2021ലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചെക്കുകളും ക്രിപ്റ്റോ കറൻസിയും എ.ടി.എമ്മുകളും ഇ-വാലറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പ് പണം പിൻവലിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ കവർന്ന പണം വെളുപ്പിക്കാനായി ഉണ്ടാക്കിയ 4.5 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഐ4സി ഈയടുത്ത് മരവിപ്പിച്ചിരുന്നു. സൈബർ കുറ്റവാളികളുമായി ബന്ധിപ്പിച്ചിരുന്ന 17,000 വാട്സാപ്പ് അക്കൗണ്ടുകളും ഐ4സി നിരോധിക്കുകയുണ്ടായി.