ആലപ്പുഴ വാഹനാപകടം, പരുക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ആലപ്പുഴ: കളർകോട് വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് (20) ആണ് വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ മരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ ആൽവിൻ എടത്വ പള്ളിച്ചിറ കൊച്ചുമോൻ ജോർജിന്റെയും ലീനയുടെയും മൂത്ത മകനാണ്. സഹോദരൻ കെൽവിൻ ജോർജ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അപകടം നടന്ന ദിവസംതന്നെ 5 വിദ്യാർഥികൾ മരിച്ചിരുന്നു.

തലച്ചോറ്, ശ്വാസകോശം, വൃക്ക, പ്ലീഹ, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളിൽ ക്ഷതമേറ്റ ആൽവിൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോളിട്രോമാ കാറ്റഗറിയിൽ ചികിത്സയിലായിരുന്നു. മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം രൂപം നല്കിയ ക്രിട്ടിക്കൽ കെയർ എക്സ്പേർട്ട് ടീം ബുധനാഴ്ച രാവിലെ ആൽവിനെ പരിശോധിച്ചു. പിന്നീട് മാതാപിതാക്കളുടെ ആവശ്യപ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ 4 വിദ്യാർഥികൾ ചികിത്സയിലാണ്. ചേർത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കർ, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിൻ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ചരാത്രി തന്നെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈൻ ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി.ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി.ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി.മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്

17.10


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special