സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം അഡ്‌ഹോക് കമ്മിറ്റി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊല്ലം: സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്ന സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ഈ തീരുമാനമെടുത്തത്. ഏരിയാ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിനു പിന്നാലെയാണ് നടപടി.

പിരിച്ചുവിടപ്പെട്ട ഏരിയാ കമ്മിറ്റിയുടെ സ്ഥാനത്ത് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരനാണ് കണ്‍വീനര്‍. എസ്.ആര്‍.അരുണ്‍ ബാബു, എസ്.എല്‍.സജികുമാര്‍, ബി.സത്യദേവന്‍, സന്തോഷ്, ജി.മുരളീധരന്‍, ഇക്ബാല്‍ തുടങ്ങിയവരാണ് കമ്മറ്റി അംഗങ്ങള്‍. ലോക്കല്‍ കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ അഡ്ഹോക്ക് കമ്മിറ്റി പരിശോധിക്കും.

ഏരിയാ കമ്മിറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പുനഃസംഘടിപ്പിക്കുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കമ്മിറ്റിക്ക് കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ നയിച്ചുപോകാന്‍ സാധിക്കുന്നില്ല എന്നതാണ് വിലയിരുത്തല്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്നങ്ങള്‍ ജില്ലയിലുടനീളമുള്ള പ്രശ്നമല്ലെന്നും സംസ്ഥാന സെക്രട്ടറി വിലയിരുത്തി. കേരളത്തില്‍ 207 ഏരിയാ സമ്മേളനങ്ങളാണ് നടക്കേണ്ടത്. കൊല്ലം ജില്ലയില്‍ 17 ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി. എന്നാല്‍ കരുനാഗപ്പള്ളി ഏരിയയില്‍ വ്യത്യസ്തമായ ചിത്രമാണുണ്ടായത്. കരുനാഗപ്പള്ളിയിലേത് ഈ തെറ്റായ പ്രവണത, പാര്‍ട്ടിക്കാരെ പ്രയാസപ്പെടുത്തിയ ഇത്തരം നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. തെറ്റായ ഒരു പ്രവണതയും വെച്ചു പൊറുപ്പിക്കില്ല. തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയാണ് പാര്‍ട്ടി എന്നും കടന്നു പോകുന്നത് -അദ്ദേഹം വ്യക്തമാക്കി.

കരുനാഗപ്പള്ളിയിലുയര്‍ന്നു വന്നിട്ടുള്ള സംഘടനാപരമായ പ്രശ്നങ്ങളുള്‍പ്പടെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റുമായും കമ്മറ്റിയുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ചേര്‍ന്നു.

കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെടുന്ന സ്ഥിതിയുണ്ടായി. ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ് സി.പി.എം. പ്ലക്കാര്‍ഡുകളുമായി ഒരു വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവം വിവാദമായിരുന്നു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special