2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോൽവി
12 വർഷം, 18 പരമ്പരകൾ, 4331 ദിനങ്ങൾ നീണ്ട ആധിപത്യം; ഇന്ത്യയുടെ അപരാജിതക്കുതിപ്പിന് അവസാനം
പുണെ: ഇന്ത്യ കുഴിച്ച കുഴിയിൽ ഇന്ത്യ തന്നെ വീണു. കിവീസിനു മുന്നിൽ സ്പിൻ കെണിയൊരുക്കിയ ഇന്ത്യ, സാന്റ്നറുടെ പന്തുകൾക്കു മുന്നിൽ കറങ്ങിക്കുരുങ്ങി. ന്യൂസീലൻഡിനെതിരെ ജയിക്കാൻ 359 റൺസ് എന്ന ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്തായി. കിവീസിന് 113 റൺസിന്റെ വിജയം. സ്‌കോർ: ന്യൂസീലൻഡ് – 259, 255; ഇന്ത്യ – 156, 245.
ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കിവീസ് സ്വന്തമാക്കി (2-0). ബംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റ് ന്യൂസീലൻഡ് എട്ടു വിക്കറ്റിനു ജയിച്ചിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് നവംബർ ഒന്നിന് മുംബൈയിലാണ്.
ഒന്നാം ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ ആറുമടക്കം 13 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സാന്റ്നറാണ് ഇന്ത്യയെ തകർത്തത്. അദ്ദേഹത്തിന് ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടം. അജാസ് പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
അർധ സെഞ്ചുറി നേടി അൽപമെങ്കിലും പൊരുതിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജയ്സ്വാൾ 65 പന്തിൽ ഒമ്പതു ഫോറും മൂന്നു സിക്സുമടക്കം 77 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ (8) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
വിരാട് കോലി (17), ശുഭ്മാൻ ഗിൽ (23), സർഫറാസ് ഖാൻ (9) എന്നിവരും സാന്റ്നറിനു മുന്നിൽ തന്നെ വീണു. ഋഷഭ് പന്ത് (0) റണ്ണൗട്ടായി. 84 പന്തിൽ 42 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടവും അവസാനിച്ചതോടെ ഇന്ത്യയുടെ പതനം പൂർത്തിയായി.
നേരത്തേ 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡ്, രണ്ടാം ഇന്നിങ്സിൽ 255 റൺസിന് ഓൾഔട്ടായിരുന്നു. അഞ്ചിന് 198 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് 57 റൺസ് ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി.
86 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാഥമായിരുന്നു രണ്ടാം ഇന്നിങ്സിൽ കിവീസിന്റെ ടോപ് സ്‌കോറർ. ടോം ബ്ലൻഡെൽ (41), ഗ്ലെൻ ഫിലിപ്സ് (48) എന്നിവരും കറങ്ങിത്തിരിയുന്ന പിച്ചിൽ മികച്ച പ്രകടനം നടത്തി.
നാട്ടിലെ ടെസ്റ്റ് പരമ്പരകളിൽ 12 വർഷമായി തുടരുന്ന ആധിപത്യമാണ് ഇന്ത്യൻ ടീമിന് നഷ്ടമായത്. 2012നു ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയാണിത്. 4331 ദിവസങ്ങൾ സ്വന്തമാക്കിവെച്ച റെക്കോഡ് ഒടുവിൽ ടീം ഇന്ത്യയ്ക്ക് നഷ്ടമായി.
2012-13 സീസണിൽ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ടീമിനോടാണ് നാട്ടിൽ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തോറ്റത്. എം.എസ്.ധോണിയുടെ കീഴിലായിരുന്നു അന്നത്തെ തോൽവി. പിന്നീട് വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ തേരോട്ടമായിരുന്നു നാട്ടിൽ. ഒടുവിൽ 4331 ദിവസങ്ങൾ നീണ്ട ആധിപത്യം രോഹിത് ശർമയുടെ ടീം നഷ്ടമാക്കി. 18 ടെസ്റ്റ് പരമ്പരകൾ നീണ്ട ഇന്ത്യയുടെ വിജയക്കുതിപ്പാണ് കിവീസ് അവസാനിപ്പിച്ചത്.
2012ൽ ഇംഗ്ലണ്ടിനോട് പരമ്പര തോൽക്കുന്നതിനു മുമ്പ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയ ടീം ഓസ്ട്രേലിയയായിരുന്നു. 2004ലെ ബോർഡർ ഗാവസ്‌കർ ട്രോഫിയിലാണ് ഓസീസ് ജയിച്ചത്. 2004നും 2012നും ഇടയ്ക്ക് നാട്ടിൽ 10 പരമ്പര വിജയങ്ങളും നാല് സമനിലകളുമായി ഒമ്പത് വർഷക്കാലവും ഇന്ത്യ ആധിപത്യം പുലർത്തിയിരുന്നു.
2013 മുതൽ നാട്ടിൽ തുടർച്ചയായി 18 പരമ്പരകൾ നേടിയ ഇന്ത്യയുടെ ആധിപത്യം ടെസ്റ്റ് ചരിത്രത്തിലെ റെക്കോഡാണ്. സ്വന്തം തട്ടകത്തിൽ ഒരു ടീമിന്റെ ഏറ്റവും നീണ്ട വിജയത്തുടർച്ചയായിരുന്നു അത്. 1994-2001 കാലയളവിൽ ഓസ്ട്രേലിയ സ്ഥാപിച്ച 10 ഹോം സീരീസ് വിജയങ്ങളുടെ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്.
2013 ഫെബ്രുവരി മുതൽ 2024 ഒക്ടോബർ വരെ ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് പരമ്പര വിജയങ്ങൾ
- ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-0 വിജയം – 2012/13
- വെസ്റ്റിൻഡീസിനെതിരെ 2-0 വിജയം – 2013/14
- ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3-0 വിജയം – 2015/16
- ന്യൂസീലൻഡിനെതിരെ 3-0 വിജയം – 2016/17
- ഇംഗ്ലണ്ടിനെതിരെ 4-0 വിജയം – 2016/17
- ബംഗ്ലാദേശിനെതിരെ 1-0 വിജയം – 2016/17
- ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-1 വിജയം – 2016/17
- ശ്രീലങ്കയ്‌ക്കെതിരെ 1-0 വിജയം – 2017/18
- അഫ്ഗാനിസ്ഥാനെതിരെ 1-0 വിജയം – 2018
- വെസ്റ്റിൻഡീസിനെതിരെ 2-0 വിജയം – 2018/19
- ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3-0 വിജയം – 2019/20
- ബംഗ്ലാദേശിനെതിരെ 2-0 വിജയം – 2019/20
- ഇംഗ്ലണ്ടിനെതിരെ 3-1 വിജയം – 2020/21
- ന്യൂസീലൻഡിനെതിരെ 1-0 വിജയം – 2021/22
- ശ്രീലങ്കയ്‌ക്കെതിരെ 2-0 വിജയം – 2021/22
- ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-1 വിജയം – 2022/23
- ഇംഗ്ലണ്ടിനെതിരെ 3-1 വിജയം – 2023/24
- ബംഗ്ലാദേശിനെതിരെ 2-0 വിജയം – 2024/25
- ന്യൂസീലൻഡിനെതിരെ 0-2 തോൽവി – 2024/25
1955-56 മുതൽ ഇന്ത്യയിൽ ടെസ്റ്റ് കളിക്കുന്ന ന്യൂസീലൻഡിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതുവരെ കളിച്ച 13 ടെസ്റ്റ് പരമ്പരകളിൽ 10ലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ട് പരമ്പരകൾ സമനിലയിലായപ്പോൾ ഇത്തവണ കിവീസ് ജയം സ്വന്തമാക്കി.
ഇന്ത്യയിൽ കളിച്ച 38 ടെസ്റ്റുകളിൽ കിവീസിന്റെ നാലാമത്തെ മാത്രം ജയമാണിത്. 1959ലും 1988ലുമായിരുന്നു ഇന്ത്യൻ മണ്ണിൽ ഇതിനു മുമ്പുള്ള കിവീസിന്റെ ടെസ്റ്റ് വിജയങ്ങൾ.