Follow the FOURTH PILLAR LIVE channel on WhatsApp
ഗ്രൗണ്ടില്‍ പതിച്ച് ഇടിമിന്നല്‍
ഞെട്ടിച്ച് തീയും പുകയും
താരങ്ങള്‍ കൂട്ടത്തോടെ നിലംപതിച്ചു
ലിമ: പെറുവില്‍ ഒരു പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു സഹകളിക്കാര്‍ക്ക് പരുക്കേറ്റു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
പ്രതിരോധനിര താരമായ ഹോസെ ഹ്യൂഗോ ദ ലാ ക്രൂസ് മെസ (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗോള്‍കീപ്പര്‍ യുവാന്‍ ചൊക്ക ലാക്ടയ്ക്കും നേരിട്ട് ഇടിമിന്നലേറ്റതിനാല്‍ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിലുള്ള ഇദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് 70 കിലോമീറ്റര്‍ മാറി ചില്‍കയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തില്‍ യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22-ാം മിനിറ്റിലായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം.
കനത്ത മഴയും കാറ്റും നിമിത്തം മത്സരം നിര്‍ത്തിവച്ചതിനാല്‍ താരങ്ങള്‍ ഗ്രൗണ്ടില്‍നിന്ന് മടങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് താരങ്ങള്‍ കൂട്ടത്തോടെ മുഖമിടിച്ച് ഗ്രൗണ്ടില്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു താരത്തിനു സമീപം ഇടിമിന്നലിനു പിന്നാലെ തീഗോളം രൂപപ്പെടുന്നതും പിന്നാലെ പുക ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. അല്‍പസമയത്തിനു ശേഷം കളിക്കാരില്‍ ചിലര്‍ നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും കാണാം.
മിന്നലേറ്റ് നിലത്തുവീണ എല്ലാവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മെസ മരണത്തിനു കീഴടങ്ങിയിരുന്നു. പരുക്കേറ്റ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റു രണ്ടു പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.