Follow the FOURTH PILLAR LIVE channel on WhatsApp
ടൊവിനോ തോമസും പുതുമുഖം മേഘനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മുൻപേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഗ്ലെൻ മോറിലായിരുന്നു ചിത്രത്തിന്റെ പൂജയും ആദ്യ ഷൂട്ടിങ്ങും. എഡിറ്ററും സംവിധായകനുമായ സൈജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടൊവിനോ തോമസ് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ നിർവഹിച്ചു. ടൊവിനോ തോമസും സഹോദരൻ ടിങ്സ്റ്റൺ തോമസും ചേർന്നാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.

പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തിലാണ് ചിത്രം നിർമിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് നിർമാതാക്കൾ. രാജേഷ് മേനോൻ, ഗോകുൽനാഥ് ജി. എന്നിവർ സഹനിർമാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായ ‘ഫൂട്ടേജ്’ എന്ന ചിത്രത്തിനുശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മുൻപേ’.
നീലഗിരി കുന്നുകളുടെ താഴ്വരയിൽ ഒറ്റപ്പെട്ട തടാകത്തോട് ചേർന്ന ‘ഒരിടം’ എന്ന സ്ഥലത്ത് 90കളുടെ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. റോയ്സ്, റാണി എന്നീ ദമ്പതികളുടെ പ്രണയവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. താളപ്പിഴകളിലൂടെ കടന്നുപോകുന്ന റോയ്സിന്റെ ദാമ്പത്യജീവിതത്തിൽ റാണിയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

റോയ്സായാണ് ടൊവിനോ തോമസ് എത്തുന്നത്. റാണിയെ അവതരിപ്പിക്കുന്നത് പുതുമുഖം മേഘനയാണ്. ആലപ്പുഴ സ്വദേശിനിയായ മേഘന ബംഗളൂരുവിലാണ് സ്ഥിരതാമസം. വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാ രാമകൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്ലി ഐസക്, രാകേഷ് ഉഷാർ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
ടീന തോമസാണ് ചിത്രത്തിന്റെ രചന. റെക്സ് വിജയനും ജിച്ചു ജോയും സംഗീതം ഒരുക്കുന്നു. ഷിനോസാണ് ഛായാഗ്രഹണം. എഡിറ്റിങ് സൈജു ശ്രീധരൻ തന്നെ നിർവഹിക്കുന്നു. ദിലീപ് നാഥ് പ്രൊഡക്ഷൻ ഡിസൈനും വൈശാഖ് ബി.വി. സിങ്ക് സൗണ്ടും സിനോയ് ജോസഫ് സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു.
ഫീനിക്സ് പ്രഭുവാണ് ആക്ഷൻ. വിശ്വപ്രകാശ്, സോബൻ എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. കമലേഷ് കുമാർ അസോസിയേറ്റ് പ്രൊഡ്യൂസറും അബിൻ ഇ.എ. ലൈൻ പ്രൊഡ്യൂസറുമാണ്. റോണക്സ് സേവ്യർ മേക്കപ്പും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

പ്രിനിഷ് പ്രഭാകരൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സാബി ഹംസ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. കിഷോർ ഗോപി, അനന്തു ചന്ദ്രബാബു എന്നിവർ ഡിസൈൻ നിർവഹിക്കുന്നു. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് നിർവഹിക്കുന്നത്. പി.ആർ.ഒ. വാഴൂർ ജോസ്.





























