സമരപ്പന്തലിൽ ചോര; ചിത്രപ്പന്തലിൽ കോൺഗ്രസ്

Follow the FOURTH PILLAR LIVE channel on WhatsApp 

ഡൽഹിയുടെ വേനൽചൂടിനേക്കാൾ കനത്തൊരു ചൂട് ഇപ്പോൾ ജന്തർ മന്തറിൻ്റെ മണ്ണിലുണ്ട്. അത് സൂര്യൻ്റെ ചൂടല്ല. പരീക്ഷാഹാളിൽ വഞ്ചിക്കപ്പെട്ട കുട്ടികളുടെ രോഷമാണ്. വർഷങ്ങളോളം കോച്ചിങ് മുറികളിലും ഹോസ്റ്റൽ കിടക്കകളിലും ലൈബ്രറികളിലും ജീവിതം ചെലവഴിച്ച വിദ്യാർത്ഥികളുടെ നെഞ്ചിൽ കത്തുന്ന തീയാണ്. ചോദ്യപേപ്പർ ചോർന്നപ്പോൾ പൊളിഞ്ഞത് ഒരു പരീക്ഷ മാത്രമല്ല; ഒരു തലമുറയുടെ വിശ്വാസമാണ്. ആ വിശ്വാസത്തിൻ്റെ ചാരം പിടിച്ച കൈകളുമായാണ് വിദ്യാർത്ഥികൾ ഡൽഹിയുടെ തെരുവിലിറങ്ങിയത്. അവരുടെ മുന്നിൽ ബാരിക്കേഡുകൾ ഉയർന്നു. അവരുടെ ശരീരത്തിൽ ലാത്തി വീണു. അവരുടെ കണ്ണുകളിൽ കണ്ണീർവാതകം നിറഞ്ഞു. പക്ഷേ അവർ ചോദിച്ച ചോദ്യം പിന്നോട്ടുപോയില്ല: ഞങ്ങളുടെ ഭാവിക്ക് ഉത്തരവാദി ആരാണ്?

ആ സമരപ്പന്തലിൽ ദിവസങ്ങൾ എണ്ണപ്പെട്ടില്ല; മുറിവുകളാണ് എണ്ണപ്പെട്ടത്. ഓരോ രാവും ജന്തർ മന്തറിൽ കിടന്നുറങ്ങിയ വിദ്യാർത്ഥികളുടെ ശരീരത്തിൽ ക്ഷീണം കൂടിയപ്പോൾ, അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ തെളിച്ചം കിട്ടി. അവിടെ മുദ്രാവാക്യങ്ങൾ മാത്രം ഉണ്ടായിരുന്നില്ല. റദ്ദായ പരീക്ഷയുടെ വേദന ഉണ്ടായിരുന്നു. മാതാപിതാക്കളുടെ കടത്തിൻ്റെ ഭാരം ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ നിശ്ശബ്ദ സാന്നിധ്യം ഉണ്ടായിരുന്നു. അവിടെ സോനം വാങ്ചുക്ക് നിരാഹാരത്തിലൂടെ സ്വന്തം ശരീരം തന്നെ ഈ തലമുറയുടെ വേദനയ്ക്കു സമർപ്പിച്ചു. അതുകൊണ്ടാണ് ജന്തർ മന്തർ ഒരു സമരവേദി മാത്രമല്ലാതെ, രാജ്യത്തിൻ്റെ വിദ്യാഭ്യാസ മനസ്സാക്ഷി തുറന്നുകിടക്കുന്ന മുറിവായി മാറിയത്.

ഈ മുറിവിൻ്റെ നടുവിലേക്കാണ് സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി അങ്മോയുടെ ചോദ്യം മിന്നലായി പതിച്ചത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ നടത്തിയ പെട്ടെന്നുള്ള പ്രതിഷേധം ആത്മാർത്ഥമല്ലെന്നായിരുന്നു അവരുടെ വിമർശനം. വിദ്യാർത്ഥികൾ ദിവസങ്ങളായി ചോരയും കണ്ണീരും ചേർത്ത് പിടിച്ചുനിന്ന ജന്തർ മന്തറിലെ സമരപ്പന്തലിലേക്കാണ് അവർ പോകേണ്ടിയിരുന്നത്. ഏഴ് ലോക് കല്യാൺ മാർഗിന് മുന്നിൽ വേറൊരു വേദി തീർക്കുകയല്ലായിരുന്നു വേണ്ടത്. സമരത്തിൻ്റെ ഹൃദയം ജന്തർ മന്തറിലായിരിക്കെ, എന്തിന് മറ്റൊരു ദൃശ്യം നിർമ്മിച്ചു എന്ന ഗീതാഞ്ജലിയുടെ ചോദ്യം കോൺഗ്രസിനോട് മാത്രമല്ല; വൈകിയെത്തുന്ന എല്ലാ രാഷ്ട്രീയത്തോടുമാണ്.

സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി അങ്മോ സംസാരിക്കുന്നു

ആ ചോദ്യം ഒരു ഭാര്യയുടെ വേദനയിൽ നിന്നു മാത്രം ഉയർന്നതല്ല. 20ലധികം ദിവസം നിരാഹാരസമരത്തിലൂടെ സ്വന്തം ശരീരം തന്നെ വിദ്യാർത്ഥികളുടെ ഭാവിക്കായി സമർപ്പിച്ച മനുഷ്യൻ്റെ ഏറ്റവും അടുത്തുനിന്ന് ഈ പോരാട്ടം കണ്ട ഒരാളുടെ രാഷ്ട്രീയസാക്ഷ്യമാണ് അത്. സോനം വാങ്ചുക്കിനെ ജന്തർ മന്തറിൽനിന്ന് പൊലീസ് മാറ്റി സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, അദ്ദേഹത്തിൻ്റെ ആരോഗ്യവിവരങ്ങൾ പോലും തനിക്കു കൃത്യമായി നൽകുന്നില്ലെന്ന ആശങ്ക ഗീതാഞ്ജലി തുറന്നു പറഞ്ഞു. അദ്ദേഹത്തെ തങ്ങളുടെ വിശ്വാസമുള്ള മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യം കോടതിവരെ എത്തിക്കേണ്ടിവന്നത് ഈ സമരത്തിൻ്റെ മനുഷ്യവേദന എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു. നീതി ചോദിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി നിരാഹാരമിരിക്കുന്ന ഒരാളുടെ ആരോഗ്യവിവരം പോലും കുടുംബത്തിന് ആശങ്കയാകുന്ന ഒരു ജനാധിപത്യത്തിൽ, പ്രശ്നം ഒരു പരീക്ഷയുടെതല്ല; അധികാരത്തിൻ്റെ മനസ്സാക്ഷിയുടെതാണ്.

ഇവിടെ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സ്വാഗതം പറയുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് മർദ്ദനത്തെ അപലപിച്ചതും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടതും ആവശ്യമായ രാഷ്ട്രീയ നിലപാടുകളാണ്. എന്നാൽ ഈ സ്വാഗതത്തിനൊപ്പം ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാതെ വയ്യ. കോൺഗ്രസ് എത്തിയപ്പോൾ സമരം തുടങ്ങിയതല്ല. ക്യാമറകൾ തിരിഞ്ഞപ്പോൾ വിദ്യാർത്ഥികൾക്ക് മുറിവേറ്റതുമല്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും പുറത്തുവന്ന നാൾമുതൽ വിദ്യാർത്ഥികൾ തെരുവിലുണ്ട്. അവരുടെ കൈയിൽ പാർട്ടി പതാകയെക്കാൾ വലിയ തെളിവുകളുണ്ട് — റദ്ദായ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, നഷ്ടപ്പെട്ട അധ്യയനവർഷങ്ങളുടെ ഓർമ്മ, മാതാപിതാക്കളുടെ കടം, ഭാവിയെക്കുറിച്ചുള്ള ഭയം.

ഈ പോരാട്ടത്തിൻ്റെ ആദ്യ വരികൾ എഴുതിയത് പരീക്ഷാഹാളിൽ വഞ്ചിക്കപ്പെട്ട വിദ്യാർത്ഥികളാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ റദ്ദാക്കലും പുറത്തുവന്നതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അധ്വാനവും കുടുംബങ്ങളുടെ സ്വപ്നങ്ങളും ഒരു ഭരണപരാജയത്തിൻ്റെ കുഴിയിലേക്ക് വീണു. മെയ് പന്ത്രണ്ടിന് തന്നെ വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങി. ശാസ്ത്രി ഭവനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നിൽ എസ്.എഫ്.ഐ. മാർച്ച് നടത്തിയപ്പോൾ, അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം.സജി, ഐഷി ഘോഷ്, സൂരജ് ഇളമൺ എന്നിവരടക്കം 25ലധികം പ്രവർത്തകരെ ഡൽഹി പൊലീസ് തടഞ്ഞു. ഇന്നത്തെ ദേശീയ ചർച്ചയുടെ വിത്ത് വിതച്ചത് അന്ന് ബാരിക്കേഡിന് മുന്നിൽ നിന്ന ആ വിദ്യാർത്ഥികളാണ്.

അന്ന് ഉയർന്ന ആവശ്യങ്ങൾ ലളിതവും ന്യായവുമായിരുന്നു. എൻ.ടി.എ. പൊളിച്ചെഴുതണം. പരീക്ഷാ സംവിധാനം സുതാര്യമാക്കണം. കുട്ടികളുടെ ഭാവി തകർത്തവരെ ശിക്ഷിക്കണം. വിദ്യാഭ്യാസമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം. ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേടുകളിലൂടെ വിദ്യാർത്ഥികളുടെ വിശ്വാസം തകർത്ത എൻ.ടി.എയെ “നാഷണൽ ടോർച്ചറിങ് ഏജൻസി” എന്നുപോലും എസ്.എഫ്.ഐ. വിശേഷിപ്പിച്ചു. എൻ.ടി.എ. പിരിച്ചുവിടണമെന്നും ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും സംഘടന അന്നുതന്നെ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ പിന്നീടുണ്ടായ രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല; സമരത്തിൻ്റെ ആദ്യ ദിവസങ്ങളിൽ തന്നെ വിദ്യാർത്ഥികൾ ഉയർത്തിയ നീതിയുടെ ഭാഷയായിരുന്നു.

അതിനുശേഷമാണ് ജന്തർ മന്തറിൽ സി.ജെ.പി. എന്ന യുവജനമുന്നേറ്റം രൂപംകൊള്ളുന്നത്. കോക്രോച്ച് ജനതാ പാർട്ടി എന്ന പരിഹാസനാമത്തിൽ തുടങ്ങിയ യുവജന പ്രതികരണം പതുക്കെ രാജ്യത്തെ വിദ്യാഭ്യാസ പ്രതിസന്ധിയുടെ വലിയ പ്രതീകമായി മാറി. “പാറ്റകൾ” എന്നു പരിഹസിക്കപ്പെട്ട തലമുറ, ആ പേരുതന്നെ പോരാട്ടത്തിൻ്റെ പതാകയാക്കി. മെയ് മാസത്തെ ഓൺലൈൻ പരിഹാസപ്രസ്ഥാനത്തിൽനിന്ന് ജൂൺ മാസത്തോടെ തെരുവിലെ യുവജനപ്രക്ഷോഭമായി അത് വളർന്നു. ജൂൺ 6 മുതൽ വിഷയം ശക്തമായി ഏറ്റെടുത്ത സി.ജെ.പി., ജൂൺ 20ഓടെ ഡൽഹിയിലെ സ്ഥിരസമരരൂപത്തിലേക്ക് നീങ്ങി. തൊഴിൽരാഹിത്യവും ചോദ്യപേപ്പർ ലീക്കുകളും പരീക്ഷാ ക്രമക്കേടുകളും വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവാദിത്തക്കുറവും ചേർന്ന് കോപത്തിൻ്റെ വലിയ ഒഴുക്കായി.

ജൂൺ 28ന് സോനം വാങ്ചുക്ക് ജന്തർ മന്തറിൽ നിരാഹാരസമരം ആരംഭിച്ചതോടെ സമരത്തിന് മറ്റൊരു നൈതിക ഉയരം ലഭിച്ചു. വിദ്യാഭ്യാസ പരിഷ്കാരത്തിനും പരിസ്ഥിതി നീതിക്കും ജീവിതം സമർപ്പിച്ച ആ മനുഷ്യൻ, പരീക്ഷാ കൊള്ളയ്ക്കെതിരെ സ്വന്തം ശരീരം തന്നെ സമരവേദിയാക്കി. ഒരു ശാസ്ത്രജ്ഞനും അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ അദ്ദേഹം വിദ്യാർത്ഥികളുടെ വേദന തൻ്റെ ഉപവാസത്തിലൂടെ രാജ്യത്തിൻ്റെ മനസ്സാക്ഷിയിലേക്ക് എത്തിച്ചു. 20ലധികം ദിവസത്തെ നിരാഹാരത്തിനു ശേഷം ജൂലൈ 18ന് അദ്ദേഹത്തെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ സമരത്തിൻ്റെ തീ കൂടുതൽ പടർന്നു. വാങ്ചുക്കിൻ്റെ ക്ഷീണിച്ച ശരീരം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് നൽകിയ നൈതികശക്തി ഒരു പാർട്ടിക്കും സ്വന്തം പേരിൽ എഴുതിക്കൊള്ളാനാവില്ല.

ആ നിമിഷത്തിലും വിദ്യാർത്ഥികൾ ഒറ്റയ്ക്കായിരുന്നില്ല. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സമരത്തിൻ്റെ അരികിലല്ല, ഉള്ളിലായിരുന്നു. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഐസ തുടങ്ങിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ജന്തർ മന്തർ സമരത്തിൽ പങ്കുചേർന്നു. സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ സി.ജെ.പി. പ്രവർത്തകൻ അഭിജീത് ദിപ്കെ നിരാഹാരസമരം തുടർന്നപ്പോൾ, ഈ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കൂടുതൽ തെളിഞ്ഞു. സമരം ഒരു സമൂഹമാധ്യമ തരംഗമായി മാത്രം ഒതുങ്ങാതെ രാഷ്ട്രീയമായ അർത്ഥവും സംഘടനാപരമായ കരുത്തും നേടിയത് ഈ ഇടപെടലുകളിലൂടെയാണ്.

ഇവിടെ കോൺഗ്രസിനോട് ചോദിക്കേണ്ട ചോദ്യം അതാണ്. ഈ സമരം ആദ്യമായി ബാരിക്കേഡിൽ ഇടിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു? മെയ് 12ന് വിദ്യാർത്ഥികൾ അറസ്റ്റിലായപ്പോൾ അവരുടെ കൂടെ ആരൊക്കെ നിന്നു? ജൂൺ മുതൽ ജന്തർ മന്തറിൽ യുവാക്കൾ കിടന്നുറങ്ങുമ്പോൾ, അവരുടെ ശബ്ദം ദേശീയ മാധ്യമങ്ങളുടെ ഇരുട്ടിൽ മറഞ്ഞുപോകാതിരിക്കാൻ ആരൊക്കെ ശ്രമിച്ചു? ഒരിക്കൽ ഈ സമരത്തെ “ബി.ജെ.പി. സ്പോൺസേർഡ്” എന്നു സംശയത്തോടെയും പരിഹാസത്തോടെയും കണ്ടവർ ഇന്ന് ഐക്യദാർഢ്യവുമായി എത്തുമ്പോൾ, അത് സ്വാഗതം ചെയ്യാം. പക്ഷേ മറവിയുടെ പേരിൽ ചരിത്രം തിരുത്താൻ അനുവദിക്കാനാവില്ല.

ജൂലൈ 20ലെ “സൻസദ് ചലോ” മാർച്ചാണ് ഈ പ്രക്ഷോഭത്തെ രാജ്യത്തിൻ്റെ നെഞ്ചിൽ തറച്ചത്. പതിനായിരക്കണക്കിന് യുവാക്കൾ പാർലമെൻ്റിലേക്കു നീങ്ങിയപ്പോൾ ഡൽഹി പൊലീസ് ലാത്തിയും കണ്ണീർവാതകവും ഉപയോഗിച്ചു. വലിയ ജനസമൂഹം തെരുവിലിറങ്ങിയപ്പോൾ അധികാരം വിദ്യാർത്ഥിയുടെ ചോദ്യം കേൾക്കാൻ തയ്യാറായില്ല; പകരം ബാരിക്കേഡുകളും ലാത്തികളും കണ്ണീർവാതകവുമാണ് മുന്നിൽവെച്ചത്. അര ലക്ഷത്തിലധികം പേർ പങ്കെടുത്ത ഈ പ്രക്ഷോഭത്തെ പൊലീസ് ശക്തിപ്രയോഗത്തിലൂടെയാണ് നേരിട്ടത്. ഒരു ജനാധിപത്യത്തിൽ വിദ്യാർത്ഥികൾ പാർലമെൻ്റിലേക്കു പോകാൻ ശ്രമിക്കുമ്പോൾ, അവരെ കേൾക്കേണ്ടിടത്ത് അവരെ അടിച്ചമർത്തുന്നത് ഭരണത്തിൻ്റെ ഭയമാണ് കാണിക്കുന്നത്.

പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണവും സമരക്കാർ ഉന്നയിച്ചിട്ടുണ്ട്. സി.ജെ.പിയുടെ ഈ ആരോപണം ഡൽഹി പൊലീസ് തള്ളിക്കളഞ്ഞുവെങ്കിലും സംശയത്തിൻ്റെ കരിനിഴൽ അതേപടി നില്ക്കുന്നു. അതിനാൽ അത് അന്വേഷണം ആവശ്യമായ ഗുരുതര ആരോപണമായി കാണണം. പക്ഷേ ഒരു കാര്യം വ്യക്തമാണ്. വിദ്യാർത്ഥികളുടെ തലയിൽ ലാത്തി വീണു. അവരുടെ ശരീരങ്ങളിൽ മുറിവേറ്റു. അവരുടെ നിലവിളി ഡൽഹിയുടെ റോഡുകളിൽ മുഴങ്ങി. വിദ്യാർത്ഥിയുടെ ചോദ്യത്തെ പൊലീസ് ആയുധങ്ങളാൽ ഒരു സർക്കാർ നേരിടുമ്പോൾ, അത് നിയമസംരക്ഷണമല്ല; അത് ഭാവിക്കെതിരായ യുദ്ധമാണ്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഏറ്റവും നിർണായക നിമിഷങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ എന്നും വെളിച്ചമായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളിലും, വിദ്യാഭ്യാസനീതിക്കായുള്ള പ്രക്ഷോഭങ്ങളിലും, തൊഴിലിനായുള്ള തെരുവുസദസ്സുകളിലും ക്യാമ്പസുകൾ പലപ്പോഴും രാജ്യത്തിൻ്റെ മനസ്സാക്ഷിയായി നിന്നിട്ടുണ്ട്. ഇന്നും അതുതന്നെയാണ് സംഭവിക്കുന്നത്. ഡൽഹിയിലെ കുട്ടികൾ ചോദിക്കുന്നത് വലിയ സിദ്ധാന്തമല്ല. “ഞങ്ങൾ പഠിച്ചു. ഞങ്ങൾ പരീക്ഷയെഴുതി. ഞങ്ങളുടെ കുടുംബങ്ങൾ കടം വാങ്ങി ഞങ്ങളെ പഠിപ്പിച്ചു. ഇപ്പോൾ ചോദ്യപേപ്പർ വിൽക്കപ്പെട്ടാൽ ഉത്തരവാദി ആരാണ്?” എന്നതാണ് അവർ ചോദിക്കുന്നത്. ഒരു തലമുറയുടെ അധ്വാനം അഴിമതിയുടെ കറുത്ത വിപണിയിൽ അളന്നുതൂക്കുമ്പോൾ ആ തലമുറ തെരുവിലിറങ്ങുന്നത് കുറ്റമല്ല; അതാണ് ജനാധിപത്യത്തിൻ്റെ ജീവൻ.

പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിൽ ധർണ നടത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് നീക്കുന്നു

ഇപ്പോൾ കോൺഗ്രസ് എത്തിയിരിക്കുന്നു. സോനം വാങ്ചുക്കിനെ ജന്തർ മന്തറിൽനിന്ന് മാറ്റിയതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. പേപ്പർ ലീക്ക്, വിദ്യാഭ്യാസച്ചെലവ്, വിദ്യാർത്ഥി ആത്മഹത്യകൾ എന്നിവ രാജ്യത്തിൻ്റെ ഭാവിയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളാണെന്നും വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിൽ ധർണ നടത്തി. ഈ ഇടപെടൽ ആവശ്യമായിരുന്നു. പക്ഷേ അത് വൈകിയാണ് വന്നത്. വൈകിയെത്തുന്ന ഐക്യദാർഢ്യം വിലപ്പെട്ടതാകാം; എന്നാൽ തുടക്കത്തിൽ നിന്നവരുടെ ചോരയുടെ മുകളിൽ കയറി രാഷ്ട്രീയ വെളിച്ചം പിടിക്കാനുള്ള ശ്രമമായി അത് മാറരുത്.

ഇതുതന്നെയാണ് ഗീതാഞ്ജലി അങ്മോയുടെ വിമർശനത്തിൻ്റെ ഹൃദയം. രാഹുൽ ഗാന്ധി സി.ജെ.പിയുടെ ജന്തർ മന്തർ പ്രതിഷേധത്തിൽ നേരിട്ട് ചേരാതെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്താണ് സമാന്തര പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥികൾക്കും സോനം വാങ്ചുക്കിനും ആഴ്ചകളോളം ജന്തർ മന്തറിൽ ലഭിക്കാത്ത രാഷ്ട്രീയശ്രദ്ധ, രാഹുൽ ഗാന്ധി ലോക് കല്യാൺ മാർഗിൽ ഇരുന്നപ്പോൾ ഉടൻ ലഭിച്ചു. സർക്കാർ കോൺഗ്രസ് പ്രതിഷേധത്തോട് വേഗത്തിൽ പ്രതികരിച്ചപ്പോൾ, ജന്തർ മന്തറിലെ സമരം ആഴ്ചകളോളം അവഗണിക്കപ്പെട്ടുവെന്ന ആരോപണവും അതുകൊണ്ടുതന്നെ ശക്തമായി. ഇത് വെറും തന്ത്രപ്രശ്നമല്ല; രാഷ്ട്രീയ സത്യസന്ധതയുടെ പ്രശ്നമാണ്. യഥാർത്ഥ ഐക്യദാർഢ്യം സമരം നടക്കുന്ന മണ്ണിലേക്കാണ് പോകേണ്ടത്.

ഇടതുപക്ഷത്തിൻ്റെയും എസ്.എഫ്.ഐയുടെയും പങ്ക് ഇവിടെ പ്രത്യേകം രേഖപ്പെടുത്തണം. വിദ്യാർത്ഥികളുടെ പ്രശ്നത്തെ ആദ്യം മുതൽ വിദ്യാഭ്യാസനയത്തിൻ്റെ രാഷ്ട്രീയപ്രശ്നമായി വായിച്ചത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ്. എൻ.ടി.എയുടെ തകർച്ച, നീറ്റ് ചോർച്ച, സി.ബി.എസ്.ഇ.–യു.ജി.സി.-നെറ്റ് പ്രശ്നങ്ങൾ, പൊതുവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യവത്കരണം, തൊഴിൽരഹിത യുവത്വത്തിൻ്റെ നിരാശ — ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് എസ്.എഫ്.ഐ. നടത്തിയ വലിയ റാലിയിലും ഇതേ ആവശ്യം ഉയർന്നു: എൻ.ടി.എ. പിരിച്ചുവിടുക, വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കുക, പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന നയങ്ങൾ പിൻവലിക്കുക.

ജൂലൈ 20ന് വിദ്യാർത്ഥികൾ പൊലീസ് ബാരിക്കേഡുകളിൽ കുടുങ്ങിയപ്പോൾ ഇടത് എം.പിമാരും നേതാക്കളും വിദ്യാർത്ഥികളുടെ വേദനയ്ക്കൊപ്പം നിന്നു. ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടത് പാർലമെൻ്റംഗങ്ങളുടെ സാന്നിധ്യം സമരപ്പന്തലിൽ വിദ്യാർത്ഥികൾക്ക് ഒരു രാഷ്ട്രീയ സംരക്ഷണബോധം നൽകി എന്നത് ഈ പ്രക്ഷോഭത്തിൻ്റെ ഓർമ്മയിൽ നിലനിൽക്കും. പാർലമെൻ്റിൽ സീറ്റുകളുടെ എണ്ണം കുറവായിരിക്കാം. പക്ഷേ തെരുവിൽ ചോര ചിന്തുന്ന കുട്ടിയുടെ സമീപത്ത് നിൽക്കാനുള്ള രാഷ്ട്രീയ നൈതികതയാണ് ഒരു പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ അളവ്. ആ അളവിൽ ഇടതുപക്ഷം ഈ സമരത്തിൻ്റെ തുടക്കത്തിൽനിന്നും വിദ്യാർത്ഥികളുടെ കൂടെയുണ്ടായിരുന്നു.

മാധ്യമങ്ങളുടെ പങ്കും – അതോ പങ്കില്ലായ്മയോ? – ഈ കഥയിൽ മറക്കാനാവില്ല. ജന്തർ മന്തറിൽ സമരം വളർന്നപ്പോൾ സോഷ്യൽ മീഡിയ സമരനിലത്തെ ദൃശ്യങ്ങളാൽ നിറഞ്ഞിരുന്നു. പക്ഷേ മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ മറ്റൊരു രാജ്യത്തെ സംഭവം പോലെ പെരുമാറി. പ്രതിഷേധക്കാരുടെ കോപം വിദ്യാഭ്യാസമന്ത്രിയോടു മാത്രമായിരുന്നില്ല; സമരത്തെ കാണാതിരുന്ന മാധ്യമങ്ങളോടുമായിരുന്നു. ചില മാധ്യമപ്രവർത്തകർ ജന്തർ മന്തറിൽ എത്തിയപ്പോൾ “ഗോദി മീഡിയ” മുദ്രാവാക്യങ്ങളോടെ വിദ്യാർത്ഥികൾ പ്രതികരിച്ചു. സർക്കാർ പറയുന്നതു മാത്രം വാർത്തയാക്കുകയും തെരുവിലെ മുറിവിനെ കാണാതിരിക്കുകയും ചെയ്യുന്ന മാധ്യമരീതിയെയാണ് അവർ ചോദ്യം ചെയ്തത്.

അത് മാധ്യമവിരുദ്ധതയല്ല. അത് മാധ്യമങ്ങളുടെ യജമാനഭക്തിക്കെതിരായ വിദ്യാർത്ഥികളുടെ നിലപാടാണ്. ദിവസങ്ങളോളം സോനം വാങ്ചുക്കിൻ്റെ നിരാഹാരം കാണാത്ത ക്യാമറ, ലാത്തിയടിക്കു ശേഷമുള്ള ദൃശ്യങ്ങൾ പിടിക്കാൻ മാത്രം ഓടിയെത്തുമ്പോൾ വിദ്യാർത്ഥികൾ ചോദിച്ചു: “ഇത്രയും ദിവസം നിങ്ങൾ എവിടെയായിരുന്നു?” ഭരണകൂടത്തിൻ്റെ പ്രസ്താവനകൾ വാർത്തയാക്കി, വിദ്യാർത്ഥിയുടെ മുറിവ് ദൃശ്യത്തിനു പുറത്താക്കി, ജനാധിപത്യത്തെ പ്രൈംടൈം മൗനത്തിൽ അടക്കം ചെയ്യുന്ന മാധ്യമരീതിക്കെതിരായ പ്രതിഷേധമായിരുന്നു ആ മുദ്രാവാക്യം. അധികാരത്തിൻ്റെ വാർത്തകൾ പടയ്ക്കാൻ മാത്രം വരുന്ന ക്യാമറകളെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു; ചിലരെ സമരവേദിയിൽനിന്ന് മുദ്രാവാക്യങ്ങളോടെ തിരികെ അയച്ചു. അതൊരു തലമുറയുടെ മാധ്യമബോധമായിരുന്നു.

ഇപ്പോൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മുന്നിൽ തുറന്നുകിടക്കുന്നത് ഒരു അവസരമല്ല, ഒരു ഉത്തരവാദിത്തമാണ്. ഈ സമരത്തെ പി.ആർ. വേദിയാക്കരുത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ ചിത്രം മാത്രം രാഷ്ട്രീയമാക്കി ജന്തർ മന്തറിലെ മുറിവേറ്റ വിദ്യാർത്ഥിയെ മറക്കരുത്. മാധ്യമശ്രദ്ധ പ്രധാന സമരപ്പന്തലിൽനിന്ന് മാറിപ്പോകാതിരിക്കാൻ കോൺഗ്രസ് സ്വന്തം ബ്രാൻഡ് നിർമ്മാണത്തിൻ്റെ പതിവ് ശൈലി മാറ്റണം. വിദ്യാർത്ഥികളുടെ ചോരയിൽ സ്പോട്ട് ലൈറ്റ് പിടിക്കാതെ, അവരുടെ ആവശ്യങ്ങൾക്ക് പാർലമെൻ്റിലും തെരുവിലും തുടർച്ചയായ രാഷ്ട്രീയശക്തി നൽകണം.

ഈ സമരം ഒരു മന്ത്രിയുടെ രാജിയിലേക്ക് മാത്രം ചുരുങ്ങുന്നില്ല. ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണം എന്ന ആവശ്യം അതിൻ്റെ അടിയന്തര രാഷ്ട്രീയ രൂപമാണ്. പക്ഷേ അതിൻ്റെ ഉള്ളിൽ അതിലും വലിയൊരു ചോദ്യം ഉണ്ട്. ഇന്ത്യയിലെ പരീക്ഷാ സംവിധാനം ആരുടെ കയ്യിലാണ്? കുട്ടികളുടെ അധ്വാനം ആരാണ് സംരക്ഷിക്കുക? ചോദ്യപേപ്പർ ചോർന്നാൽ നഷ്ടപ്പെടുന്നത് ഒരു പരീക്ഷാദിവസമല്ല; ഒരു കുടുംബത്തിൻ്റെ സ്വപ്നമാണ്. ഒരു പെൺകുട്ടി 2 വർഷം കോച്ചിങ്ങിന് ചെലവഴിച്ചാൽ, അച്ഛൻ കടം വാങ്ങിയ പണം മാത്രമല്ല, അവളുടെ ഉറക്കവും വിറ്റുപോകുന്നു. ആ കുട്ടിയുടെ ഭാവി ചോദ്യപേപ്പർ മാഫിയയുടെ കൈകളിൽ വീഴുമ്പോൾ ഒരു രാഷ്ട്രം മിണ്ടാതിരിക്കാൻ പാടില്ല.

ഡൽഹിയിലെ തെരുവിൽ ഇന്ന് നിൽക്കുന്നത് ഒരു തലമുറയാണ്. അവർ പാർട്ടിയുടെ മുദ്രാവാക്യം മാത്രം വിളിക്കുന്നില്ല; അവരുടെ ജീവിതത്തിൻ്റെ വില ചോദിക്കുന്നു. അവർ പറയുന്നു: ഞങ്ങളെ പഠിക്കാൻ വിടൂ. ഞങ്ങളെ വഞ്ചിക്കരുത്. പരീക്ഷയെ വിപണിയാക്കരുത്. ഞങ്ങളുടെ കൂട്ടുകാരുടെ മരണത്തെ സ്ഥിതിവിവരക്കണക്കാക്കരുത്. ഒരു മന്ത്രി പരാജയപ്പെട്ടാൽ അയാൾ കസേരയിൽ തുടരുന്നതെന്തിന്? ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പൊലീസ് ലാത്തി ഉയർത്തുന്നുണ്ടെങ്കിൽ ആ ലാത്തി വീഴുന്നത് വിദ്യാർത്ഥിയുടെ തലയിൽ മാത്രമല്ല; ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നെറ്റിയിലാണ്.

രാഹുൽ ഗാന്ധി എത്തിയതിൽ സ്വാഗതം. കോൺഗ്രസ് നിലപാട് തിരുത്തിയതിൽ സ്വാഗതം. പക്ഷേ ഈ സമരത്തിൻ്റെ ആദ്യ അവകാശം വിദ്യാർത്ഥികൾക്കാണ്. അവരുടെ കൂടെ തുടക്കം മുതൽ നിന്ന ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കാണ്. എസ്.എഫ്.ഐയുടെ ബാരിക്കേഡ് മുറിച്ച മുദ്രാവാക്യങ്ങൾക്കും, എ.ഐ.എസ്.എഫ്.–ഐസ പ്രവർത്തകരുടെ ഐക്യദാർഢ്യത്തിനും, സോനം വാങ്ചുക്കിൻ്റെ ക്ഷീണിച്ച ശരീരത്തിനും, സി.ജെ.പി. യുവാക്കളുടെ പരിഹാസത്തിൽ നിന്നുയർന്ന രാഷ്ട്രീയക്രോധത്തിനും, ജന്തർ മന്തറിൽ രാത്രി കിടന്നുറങ്ങിയ ആയിരങ്ങൾക്കുമാണ് ഈ സമരത്തിൻ്റെ യഥാർത്ഥ ഉടമസ്ഥാവകാശം.

ഈ പോരാട്ടം തുടരും. വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കുംവരെ മാത്രമല്ല; ഈ രാജ്യത്തിലെ വിദ്യാർത്ഥിയുടെ അധ്വാനം സുരക്ഷിതമാകുന്നതുവരെ. പരീക്ഷ സുതാര്യമാകുന്നതുവരെ. എൻ.ടി.എ. പോലുള്ള പരാജയപ്പെട്ട സംവിധാനങ്ങൾക്ക് പകരം വിശ്വാസമുള്ള പൊതുസംവിധാനം വരുന്നതുവരെ. ക്യാമറകൾ പോയാലും സമരം ഉണ്ടാകും. നേതാക്കൾ മടങ്ങിയാലും വിദ്യാർത്ഥികൾ ഉണ്ടാകും. കാരണം ഇത് ഒരു ദിവസത്തെ പ്രക്ഷോഭമല്ല.

ഇത് ഭാവിക്കുവേണ്ടി തലപൊട്ടി ചോരയൊഴുക്കിയ തലമുറയുടെ ചരിത്രമാണ്. ആ ചരിത്രത്തിൻ്റെ ആദ്യ വരി എഴുതിയത് തെരുവിലിറങ്ങിയ വിദ്യാർത്ഥികളാണ്. അവരുടെ പക്കൽ ആദ്യം നിന്ന കൈകൾ ഇടതുപക്ഷത്തിൻ്റെതായിരുന്നു. വൈകിയെത്തിയവർക്ക് സ്വാഗതം. പക്ഷേ ചരിത്രം മറക്കില്ല.

ക്യാമറകൾ വരുന്നതിന് മുമ്പ് കുട്ടികൾ അവിടെ ഉണ്ടായിരുന്നു. കോൺഗ്രസ് വരുന്നതിന് മുമ്പ് ചോര അവിടെ വീണിരുന്നു. ഗീതാഞ്ജലി ചോദിച്ചത് അതുകൊണ്ടാണ് — സമരത്തിൻ്റെ ഹൃദയം ജന്തർ മന്തറിലായിരിക്കെ, നിങ്ങൾ എന്തിന് മറ്റൊരു വേദി തിരഞ്ഞെടുത്തു?

COMMENT

Recent Articles

Related Articles

Special