Follow the FOURTH PILLAR LIVE channel on WhatsApp
അർജൻ്റീനയുടെ മത്സരത്തിന് മുന്നോടിയായി പരിശീലകൻ ലയണൽ സ്കലോണി നടത്തിയ വാർത്താസമ്മേളനത്തിൽ വികാരനിർഭരമായ നിമിഷങ്ങൾ. മാധ്യമപ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്ന ഒരു ചോദ്യം കേട്ട സ്കലോണി അൽപനേരം വികാരാധീനനായി. ചോദ്യം ചോദിച്ചത് അദ്ദേഹത്തിൻ്റെ മുൻ സഹതാരവും അർജൻ്റീന ഫുട്ബോളിലെ ശ്രദ്ധേയ വ്യക്തിത്വവുമായ മാർട്ടിൻ പലേർമോ.
“നമ്മൾ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് ഇതെല്ലാം നീ സ്വപ്നം കണ്ടിരുന്നോ?” എന്നായിരുന്നു പലേർമോയുടെ ചോദ്യം. ശബ്ദം തിരിച്ചറിഞ്ഞ സ്കലോണി ചോദ്യകർത്താവിനെ കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് മടങ്ങിയതുപോലെ തോന്നി.
അർജൻ്റീന ദേശീയ ടീമിനുവേണ്ടി ഒരുമിച്ച് കളിച്ച ഇരുവരും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ലോകകപ്പ് വേദികളിലും സഹതാരങ്ങളായിരുന്നു. എസ്റ്റുഡിയൻ്റസ് ക്ലബ്ബിലൂടെയാണ് ഇരുവരുടെയും ഫുട്ബോൾ യാത്ര ആരംഭിച്ചത്.
അർജൻ്റീന ഫുട്ബോളിലെ ഏറ്റവും നാടകീയമായ കരിയറുകളിൽ ഒന്നാണ് മാർട്ടിൻ പലേർമോയുടേത്. 1999ലെ കോപ്പ അമേരിക്കയിൽ ഒരൊറ്റ മത്സരത്തിൽ 3 പെനാൽറ്റികൾ നഷ്ടപ്പെടുത്തിയതിൻ്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ട താരം പിന്നീട് ഗുരുതര പരിക്കുകളെയും അതിജീവിച്ചാണ് തിരിച്ചുവരവ് നടത്തിയത്. അതുപോലെ തൻ്റെ കരിയറിലെ പ്രതിസന്ധിക്കാലങ്ങളിൽ പിന്തുണച്ചവരിൽ പലേർമോ പ്രധാനിയായിരുന്നുവെന്ന് സ്കലോണി മുൻപ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
2010 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരായ നിർണായക പോരാട്ടത്തിൻ്റെ അവസാന നിമിഷത്തിൽ പലേർമോ നേടിയ ഗോൾ അർജൻ്റീനയ്ക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. അന്ന് 36ാം വയസ്സിൽ ദേശീയ ടീമിലേക്ക് കോച്ച് മാറഡോണയാൽ തിരിച്ചുവിളിക്കപ്പെട്ട പലേർമോയുടെ കരിയറിലെ ഏറ്റവും ഓർമിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.
വർഷങ്ങൾക്കുശേഷം ഇരുവരുടെയും ജീവിതം വ്യത്യസ്ത വഴികളിലൂടെയാണ് മുന്നേറി. സ്കലോണി അർജൻ്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകനായി മാറിയപ്പോൾ, പലേർമോ മാധ്യമരംഗത്തേക്ക് കടന്ന് ഫുട്ബോൾ വിശകലനങ്ങളും റിപ്പോർട്ടിങ്ങും നടത്തുന്ന വിദഗ്ദ്ധനായി. ഒരുകാലത്ത് ഒരേ ഡ്രസിങ് റൂമിൽ കളിച്ചിരുന്ന 2 ഫുട്ബോൾ താരങ്ങൾ വർഷങ്ങൾക്കിപ്പുറം പരിശീലകനും മാധ്യമപ്രവർത്തകനുമായി നേർക്കുനേർ വന്ന നിമിഷം കായികലോകത്ത് അപൂർവതയായി.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































