Follow the FOURTH PILLAR LIVE channel on WhatsApp
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരം പൊടിപാറുമ്പോൾ സമാന്തരമായി കച്ചവടവും തകൃതി. രാജസ്ഥാൻ റോയൽസിനെ (ആർ.ആർ.) സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാർ ഒപ്പിട്ടെന്ന് സ്റ്റീൽ വ്യവസായി ലക്ഷ്മി.എൻ.മിത്തൽ പ്രഖ്യാപിച്ചു. 165 കോടി ഡോളറിനാണ് -ഏകദേശം 15,600 കോടി രൂപ- ഏറ്റെടുക്കൽ. നിലവിലെ ഉടമസ്ഥരായ മനോജ് ബാദലെയിൽ നിന്നാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തത്.
ഐ.പി.എല്ലിൽ ഈ സീസണിലെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് കീഴിലുണ്ടായിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി.) ആദിത്യ ബിർള ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം അടുത്തിടെ ഏറ്റെടുത്തിരുന്നു. ആർ.സി.ബിയെ വാങ്ങാൻ അദാർ പുനാവാലയും രംഗത്തുണ്ടായിരുന്നെങ്കിലും കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ആർ.ആറിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങളിലേക്ക് കടന്നത്.
ഏറ്റെടുക്കലോടെ ആർ.ആറിൽ മിത്തൽ കുടുംബത്തിന് 75 ശതമാനം ഓഹരിയും അദാർ പുനാവാലയ്ക്ക് 18 ശതമാനം ഓഹരിയുമാകും ഉണ്ടാവുക. ബാക്കി മനോജ് ബാദലെയ്ക്കും മറ്റ് നിക്ഷേപകർക്കുമായി മാറ്റിവെക്കും. ടീമിൻ്റെ ഡയറക്ടർ ബോർഡിൽ ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ ഭാട്ടിയ, അദാർ പൂനാവാല, മനോജ് ബാദലെ എന്നിവരെ ഉൾപ്പെടുത്തും.
ഐ.പി.എല്ലിലെ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിക്ക് പുറമെ സൗത്ത് ആഫ്രിക്കൻ ലീഗിൽ കളിക്കുന്ന പാൽ റോയൽസും കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസും ഏറ്റെടുക്കലിൻ്റെ ഭാഗമാണ്. ബി.സി.സി.ഐ. അടക്കമുള്ള ഏജൻസികളുടെ അനുമതി വാങ്ങിയ ശേഷം നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകും.































