Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: യു.ഡി.എഫ്. പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റിയിലെ പ്രധാന ഘടകമായ കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്നത് കീറാമുട്ടിയാകുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ കെ.എസ്.ആർ.ടി.സിക്ക് കനത്ത വരുമാന നഷ്ടമെന്നാണ് റിപ്പോർട്ട്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടം വരുമെന്നാണ് കോർപറേഷന്റെ പ്രാഥമിക വിലയിരുത്തൽ. 3 മാസത്തെ കണക്കാണ് ഗതാഗ.ത സെക്രട്ടറിക്ക് കെ.എസ്.ആർ.ടി.സി. നല്‍കിയത്.
ഓർഡിനറി ബസുകളിലേക്ക് മാത്രമായി സൗജന്യ യാത്ര ചുരുക്കിയാലും പ്രതിമാസം 57 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരും. ഓർഡിനറി ബസുകളിലും സിറ്റി ഫാസ്റ്റ് ബസുകളിലും പദ്ധതി നടപ്പാക്കിയാൽ വരുമാനത്തിൽ 65 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ 90 കോടി രൂപയുടെ വരുമാനനഷ്ടവും കണക്കാക്കുന്നു.
കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ഏകദേശ എണ്ണം കണക്കെടുത്താണ് നഷ്ടം വിലയിരുത്തിയത്. കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഈ പരിശോധന നടത്തിയത്. സംസ്ഥാനത്താകെ 18 മുതൽ 23 ലക്ഷംവരെ യാത്രക്കാർ ഈ ദിവസങ്ങളിൽ ബസിൽ കയറി. തിങ്കളാഴ്ചയാണ് കൂടുതൽ യാത്രക്കാർ കയറിയത്. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയിൽ 50 ശതമാനത്തിലേറെ യാത്രക്കാർ വനിതകളാണെന്നും വിലതിരുത്തിയിട്ടുണ്ട്.
വെള്ളി, തിങ്കൾ ദിവസങ്ങളിലാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. ശരാശരി 7.53 കോടി രൂപയാണ് ദിവസവരുമാനം. ടിക്കറ്റ് വരുമാനത്തിൽ 3.75 മുതൽ 4.25 കോടിവരെ വനിതായാത്രികരുടെ പങ്കാണ്. ശമ്പളം നൽകാൻ സർക്കാർ നൽകുന്ന 50 കോടിക്കുപുറമെ, എല്ലാ ബസുകളിലും വനിതകൾക്ക് യാത്ര സൗജന്യമാക്കിയാൽ മാസം 112 കോടികൂടി അധികം കണ്ടെത്തേണ്ടിവരും. ഇതിന് പുറമെയാണ് പെൻഷൻ തുക.
ഏപ്രിലിൽ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനം 226.84 കോടി രൂപയായിരുന്നു. കെട്ടിട വാടക, ഡ്രൈവിങ് സ്കൂൾ, കൊറിയർ സർവീസ്, പരസ്യവരുമാനം എന്നിവയടങ്ങുന്ന ടിക്കറ്റിതര വരുമാനം 26.34 കോടിയും ലഭിച്ചു.
ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്രയെന്ന് മാത്രമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചത്. ഏത് തരം ബസുകളിലാണെന്നോ എത്ര ദൂരത്തിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. വേണ്ടത്ര ആലോചനയോ മുന്നൊരുക്കമോ ഇല്ലാതെ പദ്ധതി നടപ്പാക്കുന്നതിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.






















