Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 101 വോട്ടുകൾ ലഭിച്ചു. സി.പി.എമ്മിന്റെ എ.സി. മൊയ്തീനും ബി.ജെ.പിയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും വേണ്ടി മത്സരിച്ചത്. മൊയ്തീനെ 35 അംഗങ്ങൾ പിന്തുണച്ചു. ഗോപകുമാറിന് 3 വോട്ട് കിട്ടി. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി 3 മുന്നണികളുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു.
139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാൽ ജി.സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞാൽ നിയമസഭയില്‍ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
4 പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. വി.ഡി. സതീശൻ നാമനിർദേശം ചെയ്തതിൽ സണ്ണി ജോസഫ് പിന്താങ്ങി. പി.കെ.കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി.കെ.ബഷീർ പിന്താങ്ങുകയും മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും ഷിബു ബേബി ജോൺ നാമനിർദേശം ചെയ്യുകയും സി.പി.ജോൺ പിന്താങ്ങുകയും ചെയ്തവയായിരുന്നു മറ്റു 3 പത്രികകൾ.
എ.സി.മൊയ്തീനെ നാമനിർദേശം ചെയ്തുകൊണ്ട് 2 പത്രികകളാണ് സമർപ്പിച്ചത്. ആദ്യ പത്രികയിൽ പിണറായി വിജയൻ നാമനിർദേശം ചെയ്യുകയും കെ.രാജൻ പിന്താങ്ങുകയും ചെയ്തു. രണ്ടാമത്തെ പത്രികയിൽ കെ.എൻ.ബാലഗോപാൽ നാമനിർദേശം ചെയ്യുകയും പി.കെ.പ്രവീൺ പിന്താങ്ങുകയും ചെയ്തു. ബി.ബി.ഗോപകുമാറിനെ നാമനിർദേശം ചെയ്തുള്ള പത്രികയിൽ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി.മുരളീധരൻ പിന്താങ്ങുകയും ചെയ്തു.
ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 9ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂണ്‍ 1നാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.






















