Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കേരളത്തിൽ ആവിഷ്കരിച്ച വികസനപദ്ധതികൾക്ക് ഒന്നൊന്നായി പൂട്ടിട്ട് വി.ഡി.സതീശൻ സർക്കാർ. എൽ.ഡി.എഫിന്റെ അഭിമാന പദ്ധതികളിലൊന്നായ ലൈഫ് മിഷൻ നിർത്താൻ വി.ഡി.സതീശൻ സർക്കാർ തീരുമാനിച്ചു. കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വൻകുതിപ്പിനു കാരണമാകും എന്നു വിലയിരുത്തപ്പെട്ടിരുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ലൈഫിലും ഇപ്പോൾ കോടാലി വീഴുന്നത്.
10 വർഷംകൊണ്ട് 5 ലക്ഷം വീടുകൾ നിർമിച്ച പദ്ധതി 2021ൽ എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാൻ പോലും കരണമായെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ്. അധികാരത്തിലേറിയാ। ലൈഫ് മിഷൻ നിർത്തലാക്കുമെന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ അന്നത്തെ യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. അന്ന് അധികാരം കിട്ടിയില്ലെങ്കിലും 2026ൽ യു.ഡി.എഫിന് അധികാരം ലഭിച്ചപ്പോൾ പഴയ പ്രഖ്യാപനം പ്രാവർത്തികമായി.
ലൈഫ് മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നുവെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം ലൈഫ് മിഷന്‍ കവരുന്നെന്നും സര്‍ക്കാര്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കും ഗ്രാമസഭകള്‍ക്കും പൂര്‍ണ പങ്കാളിത്തമുള്ള ഭവന പദ്ധതി ആരംഭിക്കാനാണ് യു.ഡി.എഫ്. സർക്കാർ നീക്കം. തദ്ദേശസ്വയംഭരണ വകുപ്പ് ഇതിനായി നടപടി തുടങ്ങി.
ഭവന പദ്ധതികളെല്ലാം സംയോജിപ്പിച്ച് 2017 ലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടേയും പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യ വകുപ്പുകളുടെയും ഭവന നിര്‍മാണ പദ്ധതികള്‍ എല്ലാം സംയോജിപ്പിച്ചാണ് ലൈഫ് മിഷന് കീഴില്‍ ഒറ്റ പദ്ധതിയാക്കി മാറ്റിയത്. മുഖ്യമന്ത്രി ചെയര്‍മാനും തദ്ദേശവകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും ജില്ലകളില്‍ നിര്‍വഹണ ഉദ്യോഗസ്ഥനുമുള്ള സംവിധാനമാണ് ലൈഫ് മിഷന്‍. 20,831.60 കോടിരൂപയാണ് ലൈഫ് മിഷനുവേണ്ടി എൽ.ഡി.എഫ്. സർക്കാർ ചെലവഴിച്ചത്.






















