മന്ത്രി മന്ദിരങ്ങൾക്ക് 5.31 കോടി ചോദിച്ചു, 3.95 കോടി അനുവദിച്ചു; എന്നിട്ടും പേര് മോടിപിടിപ്പിക്കലല്ല, അറ്റകുറ്റപ്പണി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൻ്റെ മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ 3.95 കോടി രൂപ അനുവദിച്ചു. 9 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 10 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 5.31 കോടിയാണ് ചീഫ് എഞ്ചിനീയർ ആവശ്യപ്പെട്ടതെങ്കിലും തല്ക്കാലം 9 എണ്ണത്തിനുള്ള 3.95 കോടിയേ അനുവദിച്ചിട്ടുള്ളൂ. ലാളിത്യവും ചെലവുചുരുക്കലുമാണ് മുഖമുദ്രയെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോഴാണ് ഇത്രയും തുക ചെലവഴിക്കുന്നത്.

മൻമോഹൻ ബംഗ്ലാവിനാണ് നിലവിൽ ഏറ്റവുമധികം തുക അനുവദിച്ചിട്ടുള്ളത് -81.06 ലക്ഷം. അജന്തയാണ് രണ്ടാം സ്ഥാനത്ത് -58.74 ലക്ഷം. പൗർണമി 40.81 ലക്ഷം, നെസ്റ്റ് 40.67 ലക്ഷം, കവടിയാർ ഹൗസ് 40.06 ലക്ഷം, ഉഷസ് 40.03 ലക്ഷം, ഗംഗ 31.53 ലക്ഷം, പമ്പ 31.43 ലക്ഷം, പെരിയാർ 31.26 ലക്ഷം എന്നിങ്ങനെയാണ് മറ്റു മന്ത്രി മന്ദിരങ്ങൾക്കായി ചെലവിടുന്ന തുക. അതേസമയം, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിന് 1.35 കോടി രൂപയാണ് ആവശ്യപ്പെട്ടത്. അതിനുള്ള തുക അനുവദിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേരളം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഖജനാവ് കാലിയാണെന്നും എ.കെ.ആൻ്റണി ഉൾപ്പെടെയുള്ള പല കോൺ​ഗ്രസ് നേതാക്കളും പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഖജനാവിൽ നിന്നുള്ള പണം ധൂർത്തടിച്ച് ഔദ്യോഗിക വസതികൾ കൂടുതൽ മോടിപിടിപ്പിക്കേണ്ടതില്ലെന്നാണ് വി.ഡി.സതീശൻ നേരത്തെ പറഞ്ഞിരുന്നത്. എൽ.ഡി.എഫ്. സർക്കാർ കഴി‍ഞ്ഞ 10 വർഷത്തിൽ ചെലവാക്കിയതെല്ലാം ധൂർത്തായിരുന്നുവെന്ന് വാദിക്കുന്ന യു.ഡി.എഫ്. സർക്കാരാണ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ ഇത്രയും വലിയ തുക മുടക്കി മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാനൊരുങ്ങുന്നത്.

Recent Articles

Related Articles

Special