Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 2023ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) കേസ് അന്വേഷിക്കുക. വി.ഡി.സതീശൻ മുഖ്യമന്ത്രിയായി ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളിലൊന്നാണിത്.
2023 ഡിസംബർ 15ന് നവകേരള സദസ്സിൻ്റെ ഭാഗമായി പിണറായി ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. റോഡരികിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തരായ 2 പേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
കേസിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ 8ന് ഉത്തരവിട്ടിരുന്നു. എന്നാൽ, സംഭവത്തിന് ഒരു തെളിവുമില്ലെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. പിന്നീട് ദൃശ്യങ്ങൾ ഹാജരാക്കിയപ്പോൾ കോടതിക്ക് അത് ബോധ്യപ്പെടുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഇതുവരെ അന്വേഷണം നടത്തിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് അന്വേഷണ സംഘത്തെ നിയമിക്കാൻ പുതിയ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ പ്രതികാരമായി കാണേണ്ടതില്ലെന്നും ആ സംഭവം മറക്കാൻ കഴിയില്ലെന്നും വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
























