കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ യോര്‍ഹെ പെരേര ഡയസാണ് ബംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കു തകര്‍ത്ത ഗോള്‍ ഡയസ് അടിച്ചുകയറ്റിയത്. 94ാം മിനിറ്റില്‍ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ മത്സരത്തിന്റെ വിധിയെഴുതി. ലാല്‍റെംത്‌ലുംഗ ഫനാ എടുത്ത കോര്‍ണര്‍ കിക്ക് ഡയസ് പോസ്റ്റിലേക്ക് പായിച്ചു.
ആദ്യ പകുതിയിയില്‍ ഇരുടീമുകളും പതിയെയാണ് തുടങ്ങിയത്. ബംഗളൂരു പതിയെ ആക്രമണം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പന്ത് കൂടുതല്‍ കൈവശംവെച്ച് കളിച്ചത് ബംഗളൂരുവാണ്. ഗോള്‍രഹിതമായി ഒന്നാം പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും ബംഗളൂരുവിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. പക്ഷേ, ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. 67ാം മിനിറ്റില്‍ ശിവാല്‍ഡോയ്ക്കു പകരക്കാരനായി സുനില്‍ ഛേത്രി ഇറങ്ങിയെങ്കിലും തുല്യനില മാറിയില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീളുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു ഡയസിന്റെ വിജയഗോള്‍.