ഛത്തീസ്ഗഢിൽ 22 മാവോവാദികളെ വെടിവെച്ച് വീഴ്ത്തി; ഓപ്പറേഷൻ സങ്കല്പിൽ മരണം 26 ആയി

Follow the FOURTH PILLAR LIVE channel on WhatsApp 

ബിജാപുർ: ഛത്തീസ്ഗഢില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സി.ആർ.പി.എഫിന് പുറമെ ഛത്തീസ്ഗഡ് പൊലീസിലെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്‌സ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സങ്കല്പ് എന്ന സൈനിക നടപടിയിലാണ് മാവോവാദികളെ വധിച്ചത്.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാവോവാദി വിരുദ്ധ വേട്ടയാണ് ഛത്തീസ്ഗഡില്‍ നടന്നത്. അടുത്തിടെ തെലങ്കാന അതിര്‍ത്തിയിലെ കരെഗുട്ട വനത്തില്‍ മാവോവാദികള്‍ക്കെതിരെ നീക്കം നടത്തിയിരുന്നു.

ഇൻ്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പി.എൽ.ജി.എ.) ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി, തെലങ്കാന സ്‌റ്റേറ്റ് കമ്മിറ്റി, ബറ്റാലിയന്‍ 1 തുടങ്ങിയവയുടെ അംഗങ്ങള്‍ പങ്കെടുക്കുന്നുവെന്ന വിവരമാണ് സംയുക്ത സേനയ്ക്ക് ലഭിച്ചത്.

ഏപ്രില്‍ 21നാണ് ഓപ്പറേഷന്‍ സങ്കല്പ് എന്നപേരില്‍ മാവോവാദി വേട്ട ആരംഭിച്ചത്. ഓപ്പറേഷന്‍ തുടങ്ങി ഇതുവരെ ആകെ വധിച്ച മാവോവാദികളുടെ എണ്ണം 26 ആയി. ഏപ്രില്‍ 24ന് ഇതേ മേഖലയില്‍ നിന്നു തന്നെ 3 മാവോവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മെയ് അഞ്ചിന് ഒരു വനിതാ മാവോവാദിയെയും വധിച്ചിരുന്നു.

ബുധനാഴ്ചത്തെ ആക്രമണത്തില്‍ ഏറെനാള്‍ നോട്ടപ്പുള്ളികളായിരുന്ന മുതിര്‍ന്ന മാവോവാദികളില്‍ ചിലര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് പരിക്കേറ്റവരെ കൂട്ടാളികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മാവോവാദികളുടെ ഒളിസ്ഥലങ്ങള്‍, ബങ്കറുകള്‍ എന്നിവ തകര്‍ത്തതായും വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റമുട്ടലിനിടെ മാവോവാദികള്‍ നടത്തിയ ഐ.ഇ.ഡി. സ്‌ഫോടനത്തില്‍ 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോവാദികളെ തുടച്ചുനീക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിൻ്റെ പ്രഖ്യാപനം. 2025ല്‍ മാത്രം ഇതുവരെ 168 മാവോവാദികളാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതില്‍ 151 പേരും ബിജാപുര്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനിലാണ്. മാവോവാദികളുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന പ്രദേശമാണിത്.

Recent Articles

Related Articles

Special