സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലെ പൊന്‍കുഴിയില്‍ 27 കിലോ തൂക്കം വരുന്ന രണ്ട് ആനകൊമ്പുകള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മുത്തങ്ങ റെയ്ഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായിട്ടുണ്ട്. മുത്തങ്ങ പൊന്‍കുഴി കോളനിയിലെ സുനില്‍(21), ശിവപ്രസാദ്(25), രാജു(25), ചെട്ടിയാലത്തൂര്‍ തിണ്ടങ്കര കോളനിയിലെ ബാബു(20), കുമഴി കാട്ടുനായ്ക്ക കോളനിയിലെ ബിജു(20), കല്ലൂര്‍ 67 കാഞ്ഞിരക്കടവ് ബാലു(58) എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് സുല്‍ത്താന്‍ബത്തേരി പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരമാണ് പ്രതികളെ പിടിക്കുന്നതിലേക്കു നയിച്ചത്. കൊമ്പുകള്‍ വാങ്ങാന്‍ എന്ന രീതിയില്‍ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയും കൊമ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടികൂടിയ കൊമ്പുകളില്‍ ഒന്നിന്ന് 168 സെന്റീമീറ്ററും മറ്റൊന്നിന് 157 സെന്റീമീറ്റര്‍ നീളവുമുണ്ട്.
കര്‍ണാടക വനത്തിലെ രാംപൂര് കല്‍ക്കര റേഞ്ചില്‍ ഓറഞ്ച് ക്യാമ്പ് ഷെഡ്ഡ് വനമേഖലയില്‍ നിന്നാണ് ചെരിഞ്ഞ കൊമ്പന്റെ കൊമ്പുകള്‍ എടുത്തതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവരെ ആനകൊമ്പുകള്‍ എടുത്ത സ്ഥലത്തെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി വനവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പരിശോധനസംഘത്തില്‍ സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അശ്വതി ബാലന്‍, ജിബിത് ചന്ദ്രന്‍, കെ.ഒ.സന്ദീപ്, ആര്‍.രഞ്ജിത്കുമാര്‍, കെ.ഉമേഷ്, പി.ആര്‍.അര്‍ജുന്‍, സി.കെ.സതീഷ്‌കുമാര്‍, ഫോറസ്റ്റ് വാച്ചര്‍മാരായ രജിത, ഗിരിജ, ഡ്രൈവര്‍ ഷാജി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.