പെട്രോളിയം ഉപയോഗം അവസാനിച്ചാലും എണ്ണയധിഷ്ഠിത അധികാരവ്യവസ്ഥ ഇല്ലാതാകണമെന്നില്ലെന്ന് ഡൊമിനിക് ബോയർ

Follow the FOURTH PILLAR LIVE channel on WhatsApp 

പെട്രോളിയത്തിന്റെ ഉപയോഗം അവസാനിക്കുന്നതോടെ എണ്ണയധിഷ്ഠിത അധികാരവ്യവസ്ഥയുടെ അന്ത്യം ഉറപ്പാകണമെന്നില്ലെന്ന് അമേരിക്കയിലെ റൈസ് സർവകലാശാലയിലെ നരവംശശാസ്ത്ര പ്രൊഫസർ ഡൊമിനിക് ബോയർ. എണ്ണയെ ആശ്രയിച്ചുള്ള രാഷ്ട്രീയ, സാമ്പത്തിക അധികാരഘടനകൾ പെട്രോളിയം ഉപയോഗത്തിനപ്പുറവും നിലനിൽക്കാമെന്ന സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി.

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ ‘മെറ്റബോളിസം ഓഫ് ദ പെട്രോസ്റ്റേറ്റ്’ എന്ന വിഷയത്തിൽ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ബോയർ ഈ നിരീക്ഷണം മുന്നോട്ടുവെച്ചത്. എണ്ണയധിഷ്ഠിത അധികാരവ്യവസ്ഥകളെ കേവലം എണ്ണവ്യവസായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാവില്ലെന്നും ആഗോളതലത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളുമായി ചേർത്തുവേണം അവയെ മനസ്സിലാക്കാനെന്നും അദ്ദേഹം വിശദീകരിച്ചു. ഊർജമേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ശക്തികളെ തിരിച്ചറിയാൻ പെട്രോസ്റ്റേറ്റ് എന്ന ആശയം പുനർവിചിന്തനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്റ്റ് നഗർ കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 19, 20 തീയതികളിലായി സംഘടിപ്പിച്ച ആറാമത് വാർഷിക രാജ്യാന്തര സമ്മേളനത്തിലാണ് ഊർജവും മാനവികതയും തമ്മിലുള്ള ബന്ധം ചർച്ചയായത്. ‘എനർജൈസിങ് ഹ്യുമാനിറ്റീസ്: എത്തിക്സ്, ഈസ്തെറ്റിക്സ് ആൻഡ് പ്ലാനറ്ററി ഫ്യൂച്ചേഴ്സ്’ എന്ന വിഷയത്തിൽ നേരിട്ടും ഓൺലൈനായും നടന്ന സമ്മേളനത്തിൽ വിവിധ സർവകലാശാലകളിലെ അധ്യാപകരും ഗവേഷകരും പങ്കെടുത്തു.

പ്രൊഫ.ഡൊമിനിക് ബോയർ ‘മെറ്റബോളിസം ഓഫ് ദി പെട്രോസ്റ്റേറ്റ്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു

ജാദവ്പുർ സർവകലാശാലയിലെ പ്രൊഫ.ദേബശ്രീ ദത്താറായ് പ്രതികരണ പ്രഭാഷണം നടത്തി. ഐ.ഐ.ടി. മദ്രാസിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം പ്രൊഫസർ സ്വർണലത രംഗരാജൻ ‘ദ റിക്കവറി ഓഫ് എനെർജിയ: ലിറ്റററി പൊയറ്റിക്സ് ഫോർ ആൻ എനർജറ്റിക് ഹ്യുമാനിറ്റീസ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

രണ്ടാംദിവസം ബംഗളൂരു സെന്റ് ജോസഫ്സ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബ്രിജി ജോസ് പ്രഭാഷണം നടത്തി. കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും ആർട്സ് ഫാക്കൽറ്റി ഡീനുമായ ഡോ.സുജ കുറുപ്പാണ് സമാപനപ്രഭാഷണം നടത്തിയത്. സാഹിത്യവും ഊർജവും തമ്മിലുള്ള ബന്ധം, പാരിസ്ഥിതിക നീതി, ധാർമിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലായി 48 ഗവേഷണപ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

കോളേജ് മാനേജർ ഫാ.പോൾ മങ്ങാട്, ഡയറക്ടർ ഫാ.ഡോ.ജോഷി ജോർജ്, പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ് എന്നിവരുടെ മാർഗനിർദേശത്തിലും ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.ചിത്ര വി.ആറിന്റെ അക്കാദമിക നേതൃത്വത്തിലുമാണ് സമ്മേളനം സംഘടിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസർമാരായ റിജു ബി.സാരജൻ, ജഗദീഷ് ചന്ദ്രൻ ജെ. എന്നിവർ സമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർമാരായിരുന്നു.

LEAVE A REPLY

Recent Articles

Related Articles

Special