Follow the FOURTH PILLAR LIVE channel on WhatsApp
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘എനർജൈസിങ് ഹ്യുമാനിറ്റീസ്: എത്തിക്സ്, ഈസ്തെറ്റിക്സ് ആൻഡ് പ്ലാനറ്ററി ഫ്യൂച്ചേഴ്സ്’ എന്ന വിഷയത്തിൽ 2 ദിവസത്തെ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു. നവംബർ 19, 20 തീയതികളിൽ ഓൺലൈനായും നേരിട്ടും നടന്ന സമ്മേളനത്തിൽ ഊർജം, സാഹിത്യം, സംസ്കാരം, പരിസ്ഥിതി, ധാർമികത എന്നിവ തമ്മിലുള്ള ബന്ധങ്ങൾ ചർച്ചയായി. വളർന്നുവരുന്ന പഠനമേഖലയായ ‘എനർജി ഹ്യുമാനിറ്റീസ്’ കേന്ദ്രീകരിച്ചായിരുന്നു സമ്മേളനം.
അമേരിക്കയിലെ റൈസ് സർവകലാശാലയിലെ നരവംശശാസ്ത്ര പ്രൊഫ.ഡൊമിനിക് ബോയർ ‘മെറ്റബോളിസം ഓഫ് ദി പെട്രോസ്റ്റേറ്റ്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജാദവ്പുർ സർവകലാശാലയിലെ പ്രൊഫ.ദേബശ്രീ ദത്താറായ് പ്രതികരണപ്രഭാഷണം നടത്തി.

ഐ.ഐ.ടി. മദ്രാസിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം പ്രൊഫസർ സ്വർണലത രംഗരാജൻ ‘ദ റിക്കവറി ഓഫ് എനെർജിയ: ലിറ്റററി പൊയറ്റിക്സ് ഫോർ ആൻ എനർജറ്റിക് ഹ്യുമാനിറ്റീസ്’ എന്ന വിഷയത്തിൽ ഉദ്ഘാടന പ്ലീനറി പ്രഭാഷണം നടത്തി. രണ്ടാംദിവസം ബംഗളൂരു സെന്റ് ജോസഫ്സ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബ്രിജി ജോസ് പ്ലീനറി പ്രഭാഷണം നടത്തി.
കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും ആർട്സ് ഫാക്കൽറ്റി ഡീനുമായ ഡോ.സുജ കുരുപ്പ് പി.എൽ. സമാപനപ്രഭാഷണം നടത്തി.
സാഹിത്യവും ഊർജവും തമ്മിലുള്ള ബന്ധം, പാരിസ്ഥിതിക നീതി, ധാർമിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലായി 48 ഗവേഷണപ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
കോളേജ് മാനേജർ ഫാ.പോൾ മങ്ങാട്, ഡയറക്ടർ ഫാ.ഡോ.ജോഷി ജോർജ്, പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ് എന്നിവരുടെ മാർഗനിർദേശത്തിലും ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.ചിത്ര വി.ആറിന്റെ അക്കാദമിക നേതൃത്വത്തിലുമാണ് സമ്മേളനം സംഘടിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസർമാരായ റിജു ബി.സാരജൻ, ജഗദീഷ് ചന്ദ്രൻ ജെ. എന്നിവർ സമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർമാരായിരുന്നു.






























