ക്നായി തൊമ്മന്റെ ജീവിതം സിനിമയാകുന്നു; ചരിത്രനായകനായി വിജി തമ്പി

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തിലെ ക്നാനായ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ക്നായി തൊമ്മന്റെ ജീവിതം സിനിമയാകുന്നു. ‘ക്നായി തൊമ്മൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സംവിധായകൻ വിജി തമ്പിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജി തമ്പിയുടെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കച്ചവടാവശ്യങ്ങൾക്കായി കനാൻ ദേശത്തുനിന്ന് കേരളത്തിലെത്തിയ ക്നായി തൊമ്മന്റെ ജീവിതവും തുടർന്നുള്ള പ്രവർത്തനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും മലഞ്ചരക്കുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എത്തിയതെന്നാണ് ചരിത്രപരമ്പരകൾ പറയുന്നത്.

തോമാശ്ലീഹായിലൂടെ ക്രിസ്തുമതം സ്വീകരിച്ചവർക്കിടയിൽ ആത്മീയശുശ്രൂഷകൾ നിർവഹിക്കാൻ വൈദികരുടെ അഭാവമുണ്ടായ സാഹചര്യത്തിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിർദേശപ്രകാരം വൈദികസംഘത്തോടൊപ്പം ക്നായി തൊമ്മൻ കേരളത്തിലെത്തിയെന്നാണ് ക്നാനായ സമൂഹത്തിന്റെ പാരമ്പര്യവിശ്വാസം. അന്നത്തെ ഭരണാധികാരിയായ ചേരമാൻ പെരുമാൾ ഇവരെ സ്വീകരിച്ചതായും ഈ ചരിത്രപരമ്പരകളിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ ക്നായി തൊമ്മന്റെ കേരളത്തിലെ ജീവിതവും പ്രവർത്തനങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചരിത്രപശ്ചാത്തലത്തിനൊപ്പം വാണിജ്യസിനിമയുടെ ഘടകങ്ങളും ഉൾപ്പെടുത്തി കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മേൽക്കാരപ്പുറത്ത് പിക്ചേഴ്സിന്റെ ബാനറിൽ ടോമി മേൽക്കാരപ്പുറത്താണ് ചിത്രം നിർമിക്കുന്നത്. ക്നാനായ സമൂഹത്തിന്റെ ചരിത്രപരമ്പരകളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് കുമരകം ബാബുരാജാണ് തിരക്കഥയെഴുതുന്നത്.

വിജി തമ്പിക്കൊപ്പം സജി സോമൻ, അംബിക, മല്ലിക സുകുമാരൻ, മുരളി മോഹൻ, ജയകൃഷ്ണൻ, കോട്ടയം രമേഷ്, ഇബ്രാഹിംകുട്ടി, ഇസഹാക്ക്, ജയൻ ചേർത്തല, ചാലി പാല, ആലപ്പി അഷ്റഫ്, ജോസഫ് ചാവറ, സൈമൺ പാറക്കൽ, തോമസ് സംക്രാന്തി, ആശിഷ് അലക്സ്, ശ്രീദർശൻ, സന്തോഷ് കുമാർ നാട്ടകം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഗോകുലാണ് ഛായാഗ്രഹണം. പി.സി.മോഹൻ എഡിറ്റിങ്ങും ആന്റണി ഏലൂർ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

നവംബർ 26ന് വാഗമണ്ണിൽ ചിത്രീകരണം ആരംഭിക്കും. പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായും ചിത്രീകരണം നടക്കും.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special