Follow the FOURTH PILLAR LIVE channel on WhatsApp
നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ക്രിംസൺ പിയർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മുക്കത്ത് ആരംഭിച്ചു. നടൻ സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു. ബ്ലൂ ഹെയ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.
പുതുതലമുറയിലെ അഭ്യസ്തവിദ്യരായ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ 4 യുവാക്കൾ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും അപ്രതീക്ഷിതമായി അവർ അകപ്പെടുന്ന കെണിയുമാണ് കഥയുടെ പശ്ചാത്തലം. നർമവും പ്രണയവും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഷോർട്ട് ഫിലിം, പരസ്യചിത്ര മേഖലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് പ്രശാന്ത് പത്മനാഭൻ ആദ്യ ഫീച്ചർ ചിത്രമൊരുക്കുന്നത്. സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. അമൃതവർഷിണി, നന്ദിനി എസ്. ചെറിയാൻ എന്നിവർ നായികമാരായെത്തുന്നു.
4 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സന്തോഷ് വർമ, ബി.കെ. ഹരിനാരായണൻ എന്നിവർ രചിക്കുന്ന ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം പകരുന്നു. പ്രമോദ് കെ.പിള്ള ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ശ്രീകുമാർ ആലപ്പുഴയാണ് കലാസംവിധായകൻ. മനോജ് അങ്കമാലി മേക്കപ്പും കുക്കു ജീവൻ വസ്ത്രാലങ്കാരവും ഒരുക്കുന്നു. ബില്ല ജഗനാണ് സംഘട്ടനസംവിധാനം.
അരുൺലാൽ, എ.എൽ.അജിത് കുമാർ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. പ്രശാന്ത് ചന്ദ്രപ്പ ഫിനാൻസ് കൺട്രോളറും ജബ്ബാർ മതിലകം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ഗിരീഷ് കൊടുങ്ങല്ലൂർ പ്രൊഡക്ഷൻ ഡിസൈനും അജീഷ് ആന്റണി സ്റ്റിൽ ഫോട്ടോഗ്രഫിയും നിർവഹിക്കുന്നു. പ്രസാദ് മുണ്ടേല പ്രൊഡക്ഷൻ മാനേജരും ജോസ് വരാപ്പുഴ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.


























