ഇന്നൊവേഷൻ രംഗത്ത് മികവ്; സെൻട്രൽ പോളിടെക്നിക് കോളേജിനും ബൈജുവിനും 8 സംസ്ഥാന പുരസ്കാരങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

വിദ്യാർഥികളിൽ നൂതന ആശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ മികവുപുലർത്തിയ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളേജിനും ഇന്നൊവേഷൻ പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്റർ ബൈജു ജി.എസിനും 8 സംസ്ഥാനതല പുരസ്കാരങ്ങൾ. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സംഘടിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി.) ഭാഗമായാണ് അംഗീകാരം. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നടന്ന വൈ.ഐ.പി. ഇൻഡസ്ട്രി മീറ്റിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ പുരസ്കാരങ്ങൾ സമ്മാനിച്ചു.

വൈ.ഐ.പി. 9.0-ൽ സംസ്ഥാനത്തെ മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരം ബൈജു ജി.എസ്. ഏറ്റുവാങ്ങി. 2,253 നൂതന ആശയങ്ങൾ സമർപ്പിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ച സ്ഥാപനമെന്ന നേട്ടവും സെൻട്രൽ പോളിടെക്നിക് കോളേജ് സ്വന്തമാക്കി. 2025ൽ നടന്ന വൈ.ഐ.പി. 8.0ലെ മികച്ച സംസ്ഥാന ഫെസിലിറ്റേറ്റർ, മികച്ച സ്ഥാപനം എന്നീ പുരസ്കാരങ്ങൾക്കുപുറമേ കഴിഞ്ഞ 2 വർഷത്തെ വ്യക്തിഗത, സ്ഥാപനതല സംസ്ഥാന ചാമ്പ്യൻ പുരസ്കാരങ്ങളും ലഭിച്ചു. വിദ്യാർഥികളെ നൂതന ആശയരൂപവത്കരണത്തിലേക്കും സംരംഭകത്വത്തിലേക്കും നയിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

ഇന്നൊവേഷൻ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായി 2 വർഷം ബൈജു ജി.എസിന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് പുരസ്കാരവും ലഭിച്ചിരുന്നു. കഴിഞ്ഞവർഷം സെൻട്രൽ പോളിടെക്നിക് കോളേജിൽ നടന്ന സ്റ്റേറ്റ് ഇന്നൊവേറ്റേഴ്സ് മീറ്റിലും ബൈജുവിനും കോളേജിനും അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു സംസ്ഥാനതല പുരസ്കാരങ്ങൾ സമ്മാനിച്ചിരുന്നു.

സെൻട്രൽ പോളിടെക്നിക് കോളേജിലെ ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ പ്രസിഡന്റ്, വൈ.ഐ.പി. നോഡൽ ഓഫീസർ, ഹാക്കത്തോൺ ഓഫീസർ, ഉദ്യമ നോഡൽ ഓഫീസർ എന്നീ ചുമതലകൾക്കുപുറമേ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ ബിസിനസ് ഹെഡായും ബൈജു പ്രവർത്തിക്കുന്നു. വിവിധ വ്യവസായ സ്ഥാപനങ്ങളുമായും പ്രൊഫഷണൽ സംഘടനകളുമായും സഹകരിച്ച് വിദ്യാർഥികൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹികസേവനരംഗത്തെ പ്രവർത്തനങ്ങൾക്കും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് ഒക്ടോബർ 3ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചിരുന്നു.

നവംബർ 16ന് നടന്ന പുരസ്കാരച്ചടങ്ങിൽ കെ-ഡിസ്ക് ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, രാജഗിരി കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളുടെ നൂതന ആശയങ്ങളും അവയുടെ മാതൃകകളും ചടങ്ങിനോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളും അധ്യാപകരും വിദ്യാർഥികളും വ്യവസായ പ്രതിനിധികളും പങ്കെടുത്തു.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special