Follow the FOURTH PILLAR LIVE channel on WhatsApp
പരമ്പരാഗത ചിത്രപ്രദർശനങ്ങളുടെ ചട്ടക്കൂടുകൾ മറികടന്ന് നാടിനെത്തന്നെ ഒരു കലാഗ്യാലറിയാക്കി മാറ്റുന്ന അപൂർവ പരീക്ഷണവുമായി നിറച്ചാർത്ത്. നിറച്ചാർത്തിന്റെ 10 വർഷത്തെ കലാപ്രവർത്തനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത സൃഷ്ടികൾ എങ്കക്കാട്ടിലെ 26 വീടുകളിൽ പ്രദർശിപ്പിക്കുന്ന ‘പത്തിരുപത്താറ് 10.26’ ചിത്രപ്രദർശനത്തിനാണ് തുടക്കമായത്.
നഗരങ്ങളിലെ ആർട്ട് ഗ്യാലറികളിലേക്ക് കലാസ്വാദകർ എത്തുന്ന പതിവുരീതിക്കു പകരം കലാസൃഷ്ടികൾ ജനങ്ങളുടെ വീടുകളിലേക്കെത്തുകയാണ്. ഗ്യാലറികളുടെ വെള്ളച്ചുമരുകൾക്കു പകരം വീടുകളുടെ ഇറയങ്ങളും ചുമരുകളും പ്രദർശനയിടങ്ങളാകുന്നു. നാടും വീടും കലയും ഇഴുകിച്ചേരുന്ന വേറിട്ട ദൃശ്യാനുഭവമാണ് ഇതിലൂടെ സംഘാടകർ ഒരുക്കുന്നത്.
മാവേലിക്കര ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ മനോജ് വൈലൂർ, പ്രദർശനത്തിന്റെ ക്യൂറേറ്റർ മേഘ ശ്രേയസ് എന്നിവരുടെ നേതൃത്വത്തിൽ 26 പ്രദർശനയിടങ്ങളിലൂടെയും നടത്തിയ കലാസന്ദർശനത്തോടെയാണ് പ്രദർശനത്തിന് തുടക്കമായത്. നി ഫെസ്റ്റ് 11ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രകലാ ശിൽപ്പശാലയിലെ കുട്ടികളും നാട്ടുകാരും നിറച്ചാർത്ത് ടീമംഗങ്ങളും സന്ദർശനത്തിൽ പങ്കെടുത്തു.
നിറച്ചാർത്ത് സംഘടിപ്പിച്ച വിവിധ കലാക്യാമ്പുകളിലും നിദർശന ആർട്ട് റെസിഡൻസിയിലും പങ്കെടുത്ത 45 കലാകാരന്മാരുടെ 50ലേറെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. 10 വർഷത്തെ നിറച്ചാർത്തിന്റെ കലാപ്രയാണം അടയാളപ്പെടുത്തുന്നതിനൊപ്പം ചിത്രകലയെ സാധാരണക്കാരുടെ ജീവിതപരിസരങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യവും പ്രദർശനത്തിനുണ്ട്.
നി ഫെസ്റ്റ് സമാപനദിനമായ ഡിസംബർ 6 വരെ പ്രദർശനം തുടരും. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സന്ദർശനസമയം. പൊതുജനങ്ങൾക്കും കലാസ്വാദകർക്കും പ്രദർശനം സന്ദർശിക്കാം.




























