‘അരികിൽ’ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു; ജെയ്‌സ് ജോസ് നായകൻ

Follow the FOURTH PILLAR LIVE channel on WhatsApp 

നവാഗതനായ രജീഷ് രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അരികിൽ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. ‘ലൂസിഫർ’, ‘ഗുമസ്തൻ’, ‘ആഘോഷം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രമേയത്തിലും അവതരണത്തിലും പുതുമകൾ പരീക്ഷിക്കുന്ന ചിത്രമാണ് ‘അരികിൽ’ എന്ന് സംവിധായകൻ രജീഷ് രാജൻ പറഞ്ഞു.

സ്നേഹം പ്രകടിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്ത, ഗൗരവസ്വഭാവക്കാരനായ മാധവൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തന്നെ ഏറെ സ്നേഹിക്കുന്ന ഭാര്യയുടെ മനസ്സുപോലും തിരിച്ചറിയാൻ കഴിയാത്ത മാധവൻ നായർ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് എത്തിപ്പെടുന്നു. ഏകാന്തജീവിതത്തിനിടെ തിരിച്ചറിയുന്ന ചില സത്യങ്ങൾ അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേർത്തുപിടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. ഈ തിരിച്ചറിവുകളും ബന്ധങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മാധവൻ നായരായി ജെയ്‌സ് ജോസ് വേഷമിടുന്നു.

ഡാഡീസ് ഡ്രീം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതസംവിധാനം.

സിബി ജോസഫ് ഛായാഗ്രഹണവും സുജീർ ബാബു സുരേന്ദ്രൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷാജു സെബാസ്റ്റ്യനാണ് പ്രോജക്ട് ഡിസൈനറും വസ്ത്രാലങ്കാര സംവിധായകനും. മോഹൻദാസ് കലാസംവിധാനവും മാളു എസ്. മേക്കപ്പും നിർവഹിക്കുന്നു. രാജേഷ് കെ.മത്തായിയാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.

നവംബർ 21ന് ചിത്രീകരണം ആരംഭിക്കും. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special