Follow the FOURTH PILLAR LIVE channel on WhatsApp
“വൈകിട്ടെന്താ പരിപാടി?”—ഇനി ആ ചോദ്യം കൂട്ടുകാരൻ ചോദിക്കേണ്ടതില്ലെന്ന മട്ടിലാണ് കേരളത്തിന്റെ പുതിയ മദ്യനയ കരടിനെ ചുറ്റിയുള്ള വാർത്തകൾ. ബാറിൽ പോകാൻ ആഗ്രഹിക്കുന്ന ഉപഭോക്താവിനെ വീട്ടിൽനിന്ന് കൊണ്ടുപോയി, മദ്യപിച്ചശേഷം സുരക്ഷിതമായി തിരികെ എത്തിക്കുന്ന പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനം ലൈസൻസികൾക്ക് ഏർപ്പെടുത്താമെന്നാണ് എക്സൈസ് വകുപ്പിന്റെ കരടിലെ നിർദേശം. ലക്ഷ്യം നല്ലതുതന്നെ: മദ്യപിച്ച് വാഹനമോടിക്കുന്നതു തടയണം; അപകടങ്ങൾ കുറയ്ക്കണം. ബാറുടമകൾ ഉപഭോക്താവ് മദ്യപിച്ചശേഷം വാഹനമോടിക്കാതിരിക്കാൻ designated driver അഥവാ മറ്റൊരു യാത്രാസൗകര്യം ഒരുക്കണമെന്ന നിയമനിർമാണവും പരിഗണനയിലുണ്ട്.
നിരോധിക്കാനല്ല; സുരക്ഷിതമായി കുടിപ്പിക്കാനോ?
മദ്യപിച്ച് വണ്ടിയോടിച്ച് വീട്ടിലെത്തുന്നത് അപകടകരമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. അതിനുള്ള പരിഹാരമായി മുന്നിൽവരുന്ന ചിന്ത — മദ്യപിക്കാതിരിക്കാൻ പ്രേരിപ്പിക്കലല്ല, മദ്യപിച്ച ആളെ സുരക്ഷിതമായി വീട്ടിലെത്തിക്കലാണ്. ആരോഗ്യപരമായ ‘ഹാം റിഡക്ഷൻ’ സമീപനമെന്ന നിലയിൽ അതിന് വാദമുണ്ട്; അപകടം കുറയുമെങ്കിൽ അതും പൊതുതാല്പര്യമാണ്. പക്ഷേ മദ്യഉപഭോഗം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ദീർഘകാല ലക്ഷ്യമെങ്കിൽ, ഉപഭോഗത്തിന്റെ സൗകര്യം വർധിപ്പിക്കുന്ന നടപടിയും അതേ നയത്തിന്റെ ഭാഗമാകുമ്പോൾ ജനങ്ങൾക്ക് സംശയം തോന്നുന്നതും സ്വാഭാവികം. സർക്കാരിന്റെ ദീർഘകാല ലക്ഷ്യം സമ്പൂർണ്ണ മദ്യനിരോധനമാണെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ജൂണിൽ പറഞ്ഞിരുന്നു; അതിന് സാമൂഹിക സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും വിശദീകരിച്ചിരുന്നു. 6 മാസം കഴിയുമ്പോൾ ചർച്ച എത്തിനിൽക്കുന്നത് “മദ്യനിരോധനം എങ്ങനെ?” എന്നിടത്തല്ല; “ബാറിൽനിന്ന് വീട്ടിലേക്കുള്ള വാഹനം ആര് ഒരുക്കും?” എന്നിടത്താണ്.
കരടിൽ ഇനിയും മാറ്റങ്ങളുണ്ട്. പുതിയ ത്രീസ്റ്റാർ ബാറുകൾക്ക് ലൈസൻസ് നൽകാതിരിക്കുക, പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാതിരിക്കുക, നിലവിലുള്ള ഔട്ട്ലെറ്റുകൾ മെച്ചപ്പെടുത്തുക, സ്വയംസേവന കൗണ്ടറുകൾ പരിഗണിക്കുക, നഗരങ്ങളിൽ ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 വരെ തുടരാനുള്ള സാധ്യത പരിശോധിക്കുക, വിനോദസഞ്ചാര–ഐ.ടി.–വിമാനത്താവള മേഖലകളിൽ പ്രത്യേക പരിഗണന നല്കുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിലാണ്.
ഒന്നാം തീയതി മദ്യമില്ലെങ്കിൽ ടൂറിസം തകരുമോ?
ഇതിലും രസകരമാണ് ഡ്രൈ ഡേ വിവാദം. എല്ലാ മാസവും ഒന്നാം തീയതി മദ്യവില്പന നിരോധിക്കുന്ന നിലവിലെ സംവിധാനം മാറ്റണമെന്ന ചർച്ച വീണ്ടും ശക്തമായിട്ടുണ്ട്. ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഡ്രൈ ഡേ തുടരുന്നതിനെതിരെ നിലപാടെടുത്തുവെന്നാണ് മുൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ആരോപിച്ചത്. എന്നാൽ എക്സൈസ് മന്ത്രി എം.ലിജു നവംബർ 22ന് വ്യക്തമാക്കിയിരിക്കുന്നത് ഡ്രൈ ഡേ മാറ്റുന്നതിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല; പുതിയ മദ്യനയം പൂർത്തിയായശേഷമേ തീരുമാനമുണ്ടാകൂ എന്നാണ്.
പക്ഷേ ടൂറിസം വകുപ്പിന്റെ വാദം വ്യക്തമാണ്. ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥിന്റെ വിശദീകരണമനുസരിച്ച് മൈസ് ടൂറിസവും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളും പോലുള്ള പരിപാടികൾക്കിടയിൽ ഒന്നാം തീയതി വന്നാൽ മദ്യം നൽകാൻ കഴിയാത്തത് സംഘാടകരെ ഗോവയിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റുന്നുവെന്നാണ് വ്യവസായത്തിന്റെ പരാതി. “3 ദിവസത്തെ സമ്മേളനത്തിൽ ഒന്നാം ദിവസം മദ്യം അനുവദിച്ച് രണ്ടാം ദിവസം ഡ്രൈ ഡേയും മൂന്നാം ദിവസം വീണ്ടും അനുവദിക്കലും പ്രായോഗികമല്ല” എന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ വാദം. അതിനെതിരെയാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്. ടൂറിസവും സമ്മേളനങ്ങളും മദ്യം ഇല്ലാതെ നടക്കാനാകാത്ത പരിപാടികളായി ചിത്രീകരിക്കരുതെന്നും, ടൂറിസം വളർത്താനെന്ന പേരിൽ ഡ്രൈ ഡേ ഒഴിവാക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
കേരളത്തിന്റെ മലനിരകളും കായലുകളും കടൽത്തീരങ്ങളും ആയുർവേദവും കലാരൂപങ്ങളും ഭക്ഷണവും അതിഥിസൽക്കാരവും പോരാഞ്ഞിട്ടാണോ ടൂറിസത്തെ രക്ഷിക്കാൻ ഒന്നാം തീയതിയിലെ കുപ്പിയും വേണമെന്ന് പറയുന്നത്? സർക്കാർ “ടൂറിസം എന്നാൽ മദ്യം” എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മദ്യലഭ്യത ഇല്ലെങ്കിൽ വലിയ പരിപാടികൾ കേരളം വിട്ടുപോകുമെന്ന വാദത്തെ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുവെന്നത് വസ്തുതയാണ്.
തുഫാൻ ഒരു വശത്ത്; ‘ഉത്തരവാദിത്വമുള്ള മദ്യപാനം’ മറുവശത്ത്
ഇനി മറ്റൊരു ചിത്രം. സംസ്ഥാനത്തുടനീളം മയക്കുമരുന്നിനെതിരെ സർക്കാർ ‘ഓപ്പറേഷൻ തുഫാൻ’ നടത്തുകയാണ്. നവംബർ 13 വരെയുള്ള കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുപ്രകാരം 14,995 കേസുകളിലായി 16,203 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എ., കഞ്ചാവ്, ഹെറോയിൻ തുടങ്ങിയ ലഹരിവസ്തുക്കളുടെ വൻശേഖരവും പിടിച്ചെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, തദ്ദേശഭരണം എന്നിവയെ ബന്ധിപ്പിച്ച് കുട്ടികളെയും കുടുംബങ്ങളെയും മയക്കുമരുന്നിൽനിന്ന് അകറ്റുകയാണ് തുഫാന്റെ പ്രഖ്യാപിത ലക്ഷ്യം.
മയക്കുമരുന്നും മദ്യവും നിയമപരമായി ഒരേ കാര്യമല്ല. മദ്യം നിയമവിധേയമായി നിയന്ത്രിക്കപ്പെടുന്ന വസ്തുവാണ്; എം.ഡി.എം.എയോ ഹെറോയിനോ അങ്ങനെയല്ല. അതിനാൽ രണ്ടിനെയും ഒരേ തട്ടിൽ വെക്കുന്നത് ശരിയാകില്ല. പക്ഷേ പൊതുജനാരോഗ്യ സന്ദേശത്തിന്റെ തലത്തിൽ ചോദ്യം നിലനിൽക്കുന്നു: ഒരു കൈകൊണ്ട് “ലഹരിക്കെതിരെ തുഫാൻ” ഉയർത്തുമ്പോൾ മറ്റേ കൈകൊണ്ട് മദ്യപാനത്തിന്റെ സൗകര്യം മെച്ചപ്പെടുത്തുന്നതിനെയാണ് ‘ഉത്തരവാദിത്വമുള്ള ഉപഭോഗം’ എന്ന് വിളിക്കേണ്ടിവരുന്നതെങ്കിൽ, സർക്കാരിന്റെ ലഹരിനയത്തിന്റെ അതിരെവിടെയാണ്? മദ്യപാനം കുറയ്ക്കുമെന്ന പ്രഖ്യാപനവും ഉപഭോക്തൃസൗകര്യം വർധിപ്പിക്കുന്ന നിർദേശവും ഒരേ കരടിൽ കൂട്ടിയിണക്കുമ്പോൾ അതിന് കൂടുതൽ വ്യക്തമായ പൊതുജനാരോഗ്യ വിശദീകരണം ആവശ്യമാണ്.
ഇത് ആദ്യത്തെ വൈരുധ്യവുമല്ല. ജൂണിൽ കുറഞ്ഞ വീര്യം ഉള്ള ലഹരിപാനീയങ്ങൾക്ക് പ്രത്യേക നികുതിനിരക്ക് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിലും യു.ഡി.എഫിലും മതനേതൃത്വങ്ങളിലും പ്രതിഷേധമുയർന്നു. മദ്യലഭ്യത വർധിപ്പിക്കുന്ന നടപടിക്കെതിരെ രംഗത്തുവന്ന കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ സംസ്ഥാനം മദ്യനിരോധനത്തിലേക്കാണ് നീങ്ങേണ്ടതെന്ന് നിർദേശിച്ചു; മാർ ജോസഫ് പാംപ്ലാനിയും മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന സമീപനത്തെ വിമർശിച്ചു. തുടർന്ന് അന്തിമതീരുമാനം യു.ഡി.എഫ്. ചർച്ചയ്ക്കുശേഷം മാത്രമെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയിൽ വ്യക്തമാക്കേണ്ടിവന്നു.
സമ്പൂർണ്ണ മദ്യനിരോധനത്തിന് ഇതിലും നല്ല കാലമുണ്ടോ?
സത്യത്തിൽ കേരളത്തിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാൻ ഇതിലും അനുകൂലമായൊരു രാഷ്ട്രീയകാലം ഇനി കിട്ടുമോ എന്നതാണ് ചോദ്യം. മദ്യലഭ്യത കുറയ്ക്കണമെന്ന നിലപാടുള്ള ക്രൈസ്തവ–മുസ്ലിം മതനേതൃത്വങ്ങളുടെ ശക്തമായ പിന്തുണ സർക്കാരിന് മുന്നിലുണ്ട്. മയക്കുമരുന്നിനെതിരെ ‘തുഫാൻ’ പോലുള്ള വൻ പ്രചാരണം സർക്കാർ തന്നെ നടത്തുന്നു. മദ്യത്തിന്റെ ആരോഗ്യ–സാമൂഹിക ദോഷങ്ങൾ ജനങ്ങളിലെത്തിക്കാൻ ഡോക്ടർമാരെയും ആരോഗ്യസംഘടനകളെയും ആശുപത്രി സംവിധാനങ്ങളെയും പങ്കാളികളാക്കാം. ഏറ്റവും വലിയ സൗകര്യം വേറെയും: ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ കൈയിലാണ്. അതുകൊണ്ട് മദ്യവരുമാനം കുറഞ്ഞാൽ അതിന് പകരം എവിടെനിന്ന് പണം കണ്ടെത്തണമെന്ന് മറ്റൊരു മന്ത്രിയോട് ചോദിക്കേണ്ടതുമില്ല! ‘കേരളത്തെ മദ്യവും ലോട്ടറിയും കൊണ്ടാണ് നടത്തുന്നത്’ എന്ന പഴയ പരിഹാസത്തിന് ഒരൊറ്റ തീരുമാനത്തിലൂടെ മറുപടി പറയാം! മദ്യവരുമാനമില്ലാതെയും ഖജനാവ് നിറയ്ക്കാമെന്ന് സ്വന്തം സാമ്പത്തിക വൈദഗ്ധ്യം തെളിയിക്കാനുള്ള ചരിത്രാവസരവും മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്!! കേന്ദ്ര സർക്കാരുമായുള്ള ഇപ്പോഴത്തെ സൗഹൃദബന്ധം ഉപയോഗിച്ച് കേരളത്തിന് അർഹമായ അധിക സഹായങ്ങളും പദ്ധതിവിഹിതങ്ങളും തേടാനും കഴിയും!!! ഇത്രയും ഗ്രഹങ്ങൾ ഒരേ വരിയിൽ വന്നുനിൽക്കുമ്പോൾ, 2 പ്രബല മതനേതൃത്വങ്ങൾ കാലങ്ങളായി ആവശ്യപ്പെടുന്ന സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാൻ ഇനി എന്താണ് തടസ്സം?
പക്ഷേ സർക്കാർ ചർച്ച ചെയ്യുന്നത് അതൊന്നുമല്ല. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണോ, ടൂറിസ്റ്റുകൾ മദ്യം കുടിക്കാൻ കിട്ടാതെ കേരളം വിട്ടുപോകുമോ, ബാറിലെത്തുന്ന ആളെ ആരാണ് സുരക്ഷിതമായി വീട്ടിലെത്തിക്കുക — ചർച്ചയുടെ കേന്ദ്രം അവിടെയാണ്. മദ്യപിച്ച് വാഹനമോടിക്കാതിരിക്കാൻ ബാർ ലൈസൻസികൾ പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനം ഒരുക്കണമെന്ന നിർദേശം നല്ല സുരക്ഷാ നടപടിയാകാം; എന്നാൽ അതിന്റെ അനന്തരഫലമായി മദ്യവ്യാപനം ഒഴിവാക്കാനാകില്ല. ഒരു വശത്ത് ‘സമ്പൂർണ്ണ മദ്യനിരോധനം ദീർഘകാല ലക്ഷ്യം’; മറുവശത്ത് “വൈകിട്ടെന്താ പരിപാടി? വീട്ടിലിരിക്കൂ, ബാറിലേക്കുള്ള വണ്ടി എത്തും!” എന്ന തരത്തിലേക്ക് നയചർച്ച നീങ്ങുന്നു. മദ്യപിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നു പറഞ്ഞ സർക്കാർ ഇപ്പോൾ മദ്യപിക്കാൻ പോകുന്ന യാത്ര എങ്ങനെ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാമെന്നാണ് ആലോചിക്കുന്നതെങ്കിൽ ചോദ്യം വളരെ ലളിതമാണ്: നിരോധനമാണോ വേണ്ടത്, അതോ മദ്യപാനത്തിന് ഹോം പിക്ക്-അപ്പ് സൗകര്യമാണോ? സമ്പൂർണ്ണ മദ്യനിരോധനത്തിന് ഇത്ര അനുകൂലമായ സാമൂഹിക–രാഷ്ട്രീയ സാഹചര്യം മുന്നിലിരിക്കെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പോലും ഭാരമായി തോന്നുന്നുവെങ്കിൽ, ‘ദീർഘകാല ലക്ഷ്യം’ എത്ര ദീർഘമാണെന്ന് മാത്രം സർക്കാർ പറഞ്ഞാൽ മതി!
കരുതലിന്റെ പുതിയ നിർവചനം
ഒരു കുടുംബത്തിൽ മദ്യപാനം പ്രശ്നമാകുമ്പോൾ അതിന്റെ കണക്ക് സർക്കാരിന്റെ വരുമാനപുസ്തകത്തിൽ കാണില്ല. കുട്ടിയുടെ പഠനം മുടങ്ങുന്നത് എക്സൈസ് കണക്കിലില്ല; വീട്ടിലെ സംഘർഷം ബെവ്കോ വിറ്റുവരവിൽ കാണില്ല; കരൾരോഗം, അപകടം, കടബാധ്യത, കുടുംബത്തിന്റെ കണ്ണീർ — ഇവയ്ക്ക് ബാർ ലൈസൻസിൽ പ്രത്യേക കോളമില്ല. അതുകൊണ്ടുതന്നെയാണ് മദ്യനയം ഒരു ടൂറിസം–നികുതി–ലൈസൻസ് വിഷയം മാത്രം അല്ലാതാകുന്നത്.
മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാൻ സുരക്ഷിത യാത്ര ഒരുക്കുന്നത് നല്ല ആശയമാണ്. എന്നാൽ അതിലേറെ വലിയ ചോദ്യം മദ്യപാനം മൂലം വീട്ടിലേക്കെത്തുന്ന സാമൂഹിക നഷ്ടം കുറയ്ക്കാൻ സർക്കാർ എന്തുചെയ്യുന്നു എന്നതാണ്. വീട്ടിൽനിന്ന് ബാറിലേക്കും ബാറിൽനിന്ന് വീട്ടിലേക്കും യാത്ര സുരക്ഷിതമാക്കാം; പക്ഷേ ബാറിൽനിന്ന് ഒരു കുടുംബത്തിലേക്കെത്തുന്ന വേദനയ്ക്ക് ഏത് ‘പിക്ക് ആൻഡ് ഡ്രോപ്പ്’ സേവനമാണ് പരിഹാരം?
അതിനാൽ പുതിയ മദ്യനയചർച്ചയുടെ യഥാർഥ ചോദ്യം “ഒന്നാം തീയതി ബാർ തുറക്കുമോ?” എന്നതിലൊതുങ്ങില്ല. മദ്യഉപഭോഗം കുറയ്ക്കുന്ന കേരളമാണോ ലക്ഷ്യം, മദ്യപാനം കൂടുതൽ സൗകര്യപ്രദമാക്കുന്ന കേരളമാണോ? ഡ്രൈ ഡേ ഒഴിവാക്കിയാൽ ടൂറിസം രക്ഷപ്പെടുമെന്നും, ബാറിലേക്കുള്ള യാത്ര ഒരുക്കിയാൽ അപകടം കുറയുമെന്നും പറയാം. പക്ഷേ ഒരിക്കൽ പ്രഖ്യാപിച്ച “സമ്പൂർണ്ണ മദ്യനിരോധനം” എന്ന ലക്ഷ്യം അപ്പോഴെവിടെ നിൽക്കുന്നു എന്നതും സർക്കാർ പറയണം.
ഇപ്പോൾ ചിത്രം ഇത്രയേ ഉള്ളൂ: മദ്യനിരോധനം ദൂരെയുള്ള ലക്ഷ്യം; ഡ്രൈ ഡേ ചർച്ചാമേശയിൽ; ബാറിലേക്കുള്ള പിക്ക് ആൻഡ് ഡ്രോപ്പ് കരടിൽ. കരുതലിന് ഇത്രയും പുതിയ അർഥങ്ങൾ ഉണ്ടെന്ന് കേരളം ഇപ്പോഴാണ് പഠിക്കുന്നത്!























