Follow the FOURTH PILLAR LIVE channel on WhatsApp
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി.കെ.ഗുരുദാസന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ‘സമരസഖാവ് പി.കെ.ഗുരുദാസൻ’ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ബിജു നെട്ടറയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ഗുരുദാസന്റെ ദീർഘമായ രാഷ്ട്രീയജീവിതവും തൊഴിലാളി പ്രസ്ഥാനങ്ങളിലെ ഇടപെടലുകളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. കൊല്ലത്തെ കശുവണ്ടി, കയർ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് തൊഴിലാളി നേതാവായി വളർന്ന അദ്ദേഹത്തിന്റെ സമരജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ചിത്രം രേഖപ്പെടുത്തും.
രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളുമായി ഗുരുദാസൻ പുലർത്തിയ ബന്ധവും വിവിധ കാലഘട്ടങ്ങളിലെ സമരങ്ങളും പൊതുപ്രവർത്തന അനുഭവങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
എൻ.എൻ.പിള്ള, കാക്കനാടൻ എന്നിവരുടെ ജീവിതവും സർഗപ്രവർത്തനവും ആസ്പദമാക്കിയ ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ബിജു നെട്ടറയാണ് ചിത്രം ഒരുക്കുന്നത്. നെട്ടറ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം.
പി.എ.സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര എന്നിവരാണ് നിർമാതാക്കൾ. ടി.വി.ബാലനാണ് സഹനിർമാതാവ്. കെ.സേതുമാധവൻ പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്ററാണ്.
രാരിഷ്, ഗൗരി ബിജു എന്നിവർ ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ ചിത്രസംയോജനവും നിർവഹിക്കുന്നു. പ്രൊഫ.അലിയാരാണ് നറേഷൻ. നന്ദകുമാർ കടപ്പാളാണ് കമന്ററി രചന. പതി കെ.നായർ അസോസിയേറ്റ് ഡയറക്ടറാണ്.
ദിനേശ് പവിത്രേശ്വരം സൗണ്ട് മിക്സിങ്ങും ഡിസൈനും നിർവഹിക്കുന്നു. മോഹൻകുമാർ (ചിത്രാഞ്ജലി) സിങ്ക് സൗണ്ടും സിഗ്നി ദേവരാജ്, മുരളിദാസൻ എന്നിവർ സ്കെച്ചുകളും ഒരുക്കുന്നു. ശ്രീരഞ്ജ് ഗ്രാഫിക്സാണ് ബ്രോഷർ ഡിസൈൻ. പി.ആർ.ഒ. അജയ് തുണ്ടത്തിൽ.
ജയചന്ദ്രൻ നെടുങ്ങോലം പ്രൊഡക്ഷൻ മാനേജറും ജെ.വി.കുറുപ്പ്, ഗോപൻ വി.എസ്. എന്നിവർ ലൊക്കേഷൻ മാനേജർമാരുമാണ്. തിരുവനന്തപുരം അയ്മൻ ഡിജിറ്റൽ സ്റ്റുഡിയോയാണ് സാങ്കേതിക സഹായം. ജിജോ എസ്.പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല എന്നിവർ നിശ്ചലഛായാഗ്രഹണം നിർവഹിക്കുന്നു.































