ഉദ്വേഗം നിറച്ച് ‘നീക്കം’; ദിലീപ് ചിത്രത്തിന്റെ ടീസർ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

ദുരൂഹതയും ഉദ്വേഗവും നിറഞ്ഞ രംഗങ്ങളുമായി ദിലീപ് നായകനാകുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ഗൗരവമേറിയ കഥാപാത്രത്തിലാണ് എത്തുന്നത്.

“ബോഡിയിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. പക്ഷേ, ഔദ്യോഗികമായി ലീഡ് കിട്ടുന്നതൊന്നുമില്ല…”, “അയാൾ ഏത് പത്രത്തിന്റെ ആളാണെന്നാണ് പറഞ്ഞത്?”, “പത്രമൊന്നുമല്ല സാറേ… ഏതോ തട്ടിക്കൂട്ട് മാസിക…”, “പണ്ട് പൊലീസാകണമെന്നായിരുന്നു ആഗ്രഹം. അത് നടക്കാത്തതിന്റെ ചൊരുക്ക് അവനുണ്ട്… പൊലീസ് ബുദ്ധിയാ…” തുടങ്ങിയ സംഭാഷണങ്ങളാണ് ടീസറിൽ ശ്രദ്ധ നേടുന്നത്.

ഒരു വ്യക്തിയെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ നടത്തുന്ന സംഭാഷണങ്ങളാണ് ടീസറിലെ പ്രധാന രംഗങ്ങളിലൊന്ന്. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന സൂചനയും ടീസർ നൽകുന്നു. അതിനു പിന്നിലെ ദുരൂഹതകളാണ് ചിത്രത്തിന്റെ കഥയിൽ ചുരുളഴിയുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ മുന്നോട്ടുപോകുന്ന കഥ ഇമോഷണൽ ത്രില്ലർ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കുന്നത്. തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൽ നിർത്തുന്ന രീതിയിലാണ് അവതരണം. അഭിനയസാധ്യതകൾ നിറഞ്ഞ വ്യത്യസ്ത കഥാപാത്രമായിരിക്കും ദിലീപിന്റേതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

ഉർവശി തിയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ.ജയന്തിലാൽ ഗഡ, അലക്സ് ഇ.കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ കോ-പ്രൊഡ്യൂസർമാരും രഘു സുഭാഷ് ചന്ദ്രൻ സഹനിർമാതാവുമാണ്.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ട ചിത്രീകരണത്തോടെയാണ് സിനിമ പൂർത്തിയാക്കിയത്.

വിബിൻ ബാലചന്ദ്രനാണ് തിരക്കഥ. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. ചിത്രസംയോജനവും സന്തോഷ് രാമൻ പ്രൊഡക്‌ഷൻ ഡിസൈനും റോണക്സ് സേവ്യർ ചമയവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറും മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറുമാണ്. വിഘ്നേഷ് പ്രദീപ് നിശ്ചലഛായാഗ്രഹണവും യെല്ലോ ടൂത്ത് ഡിസൈനും നിർവഹിക്കുന്നു. മനു ആലുക്കലാണ് പ്രോജക്ട് ഡിസൈനർ. ബർണാഡ് തോമസ് പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവും നോബിൾ ജേക്കബ് ഏറ്റുമാന്നൂർ പ്രൊഡക്‌ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലുള്ള ചിത്രം ഉർവശി തിയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും.

LEAVE A REPLY

Recent Articles

Related Articles

Special