Follow the FOURTH PILLAR LIVE channel on WhatsApp
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ നവംബർ ആറിന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നിർമിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്.
ചിത്രത്തിൽ ഇമ്പരാജ് ഐ.പി.എസ്. എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. മാസ് ആക്ഷൻ രംഗങ്ങൾക്കൊപ്പം ഹാസ്യത്തിനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘സീൻ’ എന്നാണ് നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസർ നൽകുന്ന സൂചന. ടീസറിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
മലയാളി താരം നസ്‌ലൻ ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നസ്രിയ നസീമാണ് നായിക. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വലിയ കാൻവാസിൽ ഒരുക്കുന്ന ‘സീൻ’-ന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമാണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. സോണി മ്യൂസിക് സൗത്തിനാണ് ചിത്രത്തിന്റെ സംഗീതാവകാശം.
വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രഹണം. അജ്മൽ സാബു എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും നിർവഹിക്കുന്നു. അശ്വിനി കാലെയാണ് പ്രൊഡക്ഷൻ ഡിസൈനർ. ചേതൻ ഡി’സൂസ ആക്ഷൻ സംവിധാനവും എ. രാജേഷ് കലാസംവിധാനവും മഷാർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. റോണക്സ് സേവ്യറാണ് മേക്കപ്പ്. ഡേവിഡ് സെൽവമാണ് തമിഴ് സംഭാഷണങ്ങൾ ഒരുക്കുന്നത്.
അരുൺ അപ്പുക്കുട്ടൻ സഹസംവിധായകനും എം.പി. സെന്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. നവീൻ നഞ്ജുണ്ടൻ ക്രിയേറ്റീവ് പ്രൊഡ്യൂസറാണ്. ഹരിഹരസുതൻ വി.എഫ്.എക്സും രംഗ കളറിങ്ങും നിർവഹിക്കുന്നു. ശബരിയാണ് പി.ആർ.ഒ.
കേരളത്തിൽ വിപുലമായ തിയേറ്റർ റിലീസിനാണ് ശ്രീ ഗോകുലം മൂവീസ് തയ്യാറെടുക്കുന്നത്.





























