Follow the FOURTH PILLAR LIVE channel on WhatsApp
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ‘ടൈറ്റൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ജയസൂര്യ–വിനായകൻ കൂട്ടുകെട്ടാണ് പ്രധാന ആകർഷണം. ഫാന്റസി–ഹ്യൂമർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
“ആന്റണി യെക്കൂസാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്ന് വിറയ്ക്കണം” എന്ന സംഭാഷണത്തോടെയാണ് ട്രെയിലറിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന്. ആരാണ് ഈ ആന്റണി യെക്കൂസാ എന്ന കൗതുകം നിലനിർത്തിക്കൊണ്ടാണ് ട്രെയിലർ മുന്നോട്ടുപോകുന്നത്.
“വാനൊക്കെ ഓക്കെയാണ്, പക്ഷേ മുടിഞ്ഞ റിസ്‌കാണ്…”, “പിടിക്കുമ്പോൾ മിനിമം തല പോകുന്നതെങ്കിലും പിടിക്കണ്ടേടാ…”, “അത് പറഞ്ഞാൽ തീരില്ല, ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക്…”, “ഇവന്മാരൊക്കെ ഗൂഗിളിലുമുണ്ടോ?” തുടങ്ങിയ സംഭാഷണങ്ങളും ട്രെയിലറിൽ ഇടംപിടിച്ചിട്ടുണ്ട്. നർമവും ഫാന്റസിയും ആക്‌ഷനും ചേർന്ന അവതരണമായിരിക്കും ചിത്രത്തിന്റേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം.ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനിൽ സിങ്, സജിത് പി.വൈ. എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ജയസൂര്യക്കും വിനായകനുമൊപ്പം സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, റാപ്പർ ബേബി ജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
വലിയ മുതൽമുടക്കിൽ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.
ജയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ചിത്രസംയോജനവും അരുൺ വെഞ്ഞാറമൂട് പ്രൊഡക്‌ഷൻ ഡിസൈനും മഹേഷ് പിറവം കലാസംവിധാനവും നിർവഹിക്കുന്നു.
രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ഫീനിക്സ് പ്രഭുവാണ് ആക്‌ഷൻ. യെല്ലോ ടൂത്ത് ഡിസൈൻ നിർവഹിക്കുന്നു. സുഹൈബ് എസ്.ബി.കെ. നിശ്ചലഛായാഗ്രഹണവും നജീർ നസീം പ്രൊഡക്‌ഷൻ മാനേജ്‌മെന്റും രാജേഷ് സുന്ദരം പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവും നിർവഹിക്കുന്നു. പ്രശാന്ത് നാരായണനാണ് പ്രൊഡക്‌ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.
ഒക്ടോബറിൽ ‘ടൈറ്റൻസ്’ തിയേറ്ററുകളിലെത്തും.




























