മലയാള സിനിമയിൽ സജീവമായി ‘ഇന്ത്യൻ സിനിമ’; ഒരേസമയം 2 ചിത്രങ്ങളുടെ ചിത്രീകരണം

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാള സിനിമയിൽ സജീവ സാന്നിധ്യമാകുകയാണ് നിർമാണക്കമ്പനിയായ ഇന്ത്യൻ സിനിമ. അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യിലൂടെയാണ് കമ്പനി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്. വയനാട്ടിലെ അവകാശസമരങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം നിരൂപകശ്രദ്ധയും പ്രേക്ഷകസ്വീകാര്യതയും സാമ്പത്തികവിജയവും നേടിയതോടെ കൂടുതൽ സിനിമകളുമായി രംഗത്ത് സജീവമാകുകയാണ് നിർമാണക്കമ്പനി.

ഗൾഫ് മേഖലയിൽ ദീർഘകാലമായി ബിസിനസ് രംഗത്തുള്ള ടിപ്പു ഷാനും ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമയുടെ സാരഥികൾ. കലയും സിനിമയും എക്കാലവും തങ്ങളുടെ താത്പര്യമേഖലയായിരുന്നെന്നും അതാണ് സ്വന്തമായി നിർമാണസ്ഥാപനം ആരംഭിക്കുന്നതിലേക്ക് നയിച്ചതെന്നും ടിപ്പു ഷാൻ പറഞ്ഞു.

“മറ്റ് ബിസിനസുകളെപ്പോലെയല്ല സിനിമ. ഒരു ചിത്രം പ്രേക്ഷകന് നല്ല ആസ്വാദനാനുഭവവും സന്തോഷവും നൽകണം. അതിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് സിനിമയുടെ യഥാർഥ വിജയവും അതിന്റെ പിന്നിലുള്ളവരുടെ നിലനിൽപ്പും,” ടിപ്പു ഷാൻ പറഞ്ഞു. ഇപ്പോൾ ഇന്ത്യൻ സിനിമയുടെ 2 ചിത്രങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ ഒരേസമയം പുരോഗമിക്കുകയാണ്.

ഷറഫുദീനും ‘വാഴ 2’ ഫെയിം അലൻ ബിൻ സിറാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഇതിലൊന്ന്. നവാഗതനായ ജിതേഷ് എസ്.റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 4ന് മൈസൂരുവിൽ ആരംഭിച്ചു. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഹ്യൂമർ എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. കഥയിലെ പുതുമയും അവതരണരീതിയും ചിത്രത്തിന്റെ പ്രധാന സവിശേഷതകളായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ഇന്ത്യൻ സിനിമ നിർമിക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 21ന് ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രം കൗമാരപ്രണയവും നർമവും കോർത്തിണക്കിയ റോം-കോം സ്വഭാവത്തിലാണ് ഒരുങ്ങുന്നത്.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൗമാരത്തിന്റെ കുസൃതികളും സൗഹൃദങ്ങളും പ്രണയവും ഇണക്കവും പിണക്കവുമൊക്കെയാണ് കഥയിൽ ഇടംപിടിക്കുന്നത്. യുവതലമുറയ്ക്കൊപ്പം കുടുംബപ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്.

അങ്കമാലിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ ആശയങ്ങൾക്കും പുതുമുഖ പ്രതിഭകൾക്കും അവസരം നൽകുകയെന്ന സമീപനമാണ് ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രങ്ങളിലും തുടരുന്നത്.

ഈ 2 ചിത്രങ്ങളുടെ ചിത്രീകരണം ഒരേസമയം പുരോഗമിക്കുന്നതിനിടെ, കമ്പനിയുടെ മറ്റു രണ്ട് സിനിമകളുടെ പ്രാരംഭ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഇവയിൽ ഒരു ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്ന് ടിപ്പു ഷാൻ അറിയിച്ചു.

COMMENT

Recent Articles

Related Articles

Special